ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ വെടിവെപ്പില്‍ കൊല്ലപ്പെട്ടു; ആരാണിവർ?

അക്രമി ലക്ഷ്യം വച്ചിരുന്ന മൂന്നാമത്തെ ജഡ്ജി ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല
ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ വെടിവെപ്പില്‍ കൊല്ലപ്പെട്ടു; ആരാണിവർ?
Published on

ഇറാനിലെ സുപ്രീം കോടതി കെട്ടിടത്തിന് പുറത്ത് നടന്ന വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജസ്റ്റിസുമാരായ ആയത്തുള്ള മുഹമ്മദ് മൊഗിസെ, ഹൊജതോലെസ്ലാം അലി റാസിനി എന്നിവരാണ് കൊല്ലപ്പെട്ടത്. അധികൃത‍ർ അക്രമിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് അയാൾ ജീവനൊടുക്കി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

"സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. അവരിൽ രണ്ട് പേർ രക്തസാക്ഷികളായി, ഒരാൾക്ക് പരിക്കേറ്റു," ഇറാൻ ജുഡീഷ്യറിയുടെ ഓൺലൈൻ വെബ്‌സൈറ്റായ മിസാൻ റിപ്പോർട്ട് ചെയ്തു. "ആക്രമി ജീവനൊടുക്കി" എന്നും വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ തടവുകാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജസ്റ്റിസാണ് മുഹമ്മദ് മൊഗീസെ. സുപ്രീം കോടതിയുടെ 53-ാം ബ്രാഞ്ചിന്റെ തലവനായിരുന്നു. 39-ാം ബ്രാഞ്ചിന് നേതൃത്വം നൽകിയിരുന്ന ജസ്റ്റിസാണ് അലി റാസിനി. 1999 ജനുവരിയിൽ ഇദ്ദേഹത്തിനു നേരെ വധശ്രമം നടന്നിരുന്നു. അക്രമി ലക്ഷ്യം വച്ചിരുന്ന മൂന്നാമത്തെ ജഡ്ജി ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിനു പിന്നിലെ കാരണവും വ്യക്തമല്ല.

ജുഡീഷ്യറി ഹെഡ് ഓഫീസിലെ ക്യാന്റീൻ ജീവനക്കാരനായിരുന്നു അക്രമിയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആയുധവുമായി നുഴഞ്ഞുകയറിയ വ്യക്തി വാടകക്കൊലയാളിയാണെന്നാണ് ജുഡീഷ്യറി മീഡിയാ സെന്റർ പറയുന്നത്. ഇയാൾക്ക് സുപ്രീം കോടതിയിലെ ഏതെങ്കിലും കേസുകളുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് കുർദിഷ് വനിതാ ആക്ടിവിസ്റ്റ് പഖ്ഷാൻ അസീസിയുടെ വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിൽ നിന്നടക്കം ഇത് വിമർശനത്തിന് കാരണമായിരുന്നു. ഇറാഖിലെയും സിറിയയിലെയും അഭയാർഥികളെ പിന്തുണച്ചതിനാണ് അസീസിയെ ശിക്ഷിച്ചതെന്നായിരുന്നു മനുഷ്യാവകാശ കൗൺസിലിന്റെ വിമർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com