തിരുവനന്തപുരത്ത് രണ്ടരവയസുകാരിയെ കമ്പി വടികൊണ്ട് അടിച്ചു; അങ്കണവാടി ടീച്ചർക്കെതിരെ പരാതിയുമായി രക്ഷകർത്താക്കള്‍
തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ മർദിച്ചതായി പരാതി. വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അങ്കണവാടി ടീച്ചർ ബിന്ദുവിനെതിരെ രക്ഷാകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.
വൈകിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ കയ്യിലെ പാട് രക്ഷാകർത്താക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്കണവാടിയില്‍ വെച്ച് ടൊയ്‌ലെറ്റിൽ പോയി തിരിച്ചുവന്നപ്പോൾ ടീച്ചർ കമ്പിവടികൊണ്ട് അടിച്ചുവെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. വിവരം അറിഞ്ഞ ഉടൻ കുട്ടിയുടെ കുടുംബം അങ്കണവാടി ടീച്ചറെ വിളിച്ച് കാര്യം തിരിക്കി. എന്നാൽ ബിന്ദു ആരോപണങ്ങൾ നിഷേധിച്ചു. കുട്ടികൾ തമ്മിൽ അടികൂടിയപ്പോൾ സംഭവിച്ച മുറിവാണെന്നായിരുന്നു ടീച്ചറുടെ പക്ഷം. ഇതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ രക്ഷാകർത്താക്കള്‍ തീരുമാനിച്ചത്.