
സാങ്കേതിക മേഖലയിൽ വലിയ കുതിപ്പ് ലക്ഷ്യമിട്ട് അന്താരാഷ്ട്ര എഐ നയം അവതരിപ്പിച്ച് യുഎഇ. ആർട്ടിഫീഷ്യൽ ഇൻ്റലിജൻസ് ഏതൊക്കെ തരത്തിൽ ഉപയോഗിക്കണമെന്നും, അതിൻ്റെ ലക്ഷ്യവും മുൻഗണനയും എങ്ങനെയാണെന്നും വ്യക്തമാക്കുന്നതായിരുന്നു യുഎഇ അവതരിപ്പിച്ച അന്താരാഷ്ട്ര എഐ നയം.
ദ്രോഹമോ അസ്ഥിരതയോ ഉണ്ടാക്കുന്ന AI ടൂളുകൾ വികസിപ്പിക്കുന്ന രാജ്യങ്ങൾക്ക് അതിൻ്റെ പൂർണമായ ഉത്തരവാദിത്തം ഉറപ്പാക്കുന്ന രീതിയിലുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതും നയത്തിൽ ഉൾപ്പെടുന്നു. എഐ ഉപയോഗിച്ചുള്ള സൈബർ ദുരുപയോഗം തടയുകയും മേഖലയിൽ യുഎഇയുടെ ആധിപത്യം നിലനിർത്തുകയുമാണ് നയത്തിൻ്റെ പ്രധാന ലക്ഷ്യം.
സുരക്ഷ, സ്വകാര്യത സംരക്ഷണം, ഡാറ്റ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. പുരോഗതി, സമൂഹം, മൂല്യം, സുസ്ഥിരത, സുരക്ഷ, സഹകരണം എന്നിങ്ങനെ ആറ് അടിസ്ഥാന മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് നയം തയ്യാറാക്കിയിരിക്കുന്നത്.