
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ. ഇസ്രയേലിന്റെ നടപടിയില്‍ യുഎഇ കടുത്ത ആശങ്കയും രേഖപ്പെടുത്തി. സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലുകളിലേക്കും ആക്രമങ്ങളിലേക്കും എത്തിക്കാതെ നയതന്ത്രപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനെ കുറിച്ചും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ആക്രമണങ്ങള്‍ പ്രദേശത്തെ സമാധാനവും സ്ഥിരതയും തകര്‍ക്കുമെന്നും കൂടുതല്‍ അപകടം ഒഴിവാക്കാനും സംഘര്‍ഷത്തിന്റെ വ്യാപ്തി കുറക്കാനും ആത്മനിയന്ത്രണം പാലിക്കണമെന്നുമാണ് യുഎഇ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രതികരിച്ചിരുന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേല്‍ വന്‍ സ്‌ഫോടനം നടത്തിയത്. ആക്രമണത്തെ തങ്ങള്‍ പ്രതിരോധിച്ചുവെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.
ഇറാന്റെ സൈനിക താവളങ്ങള്‍ ആക്രമിച്ചതോടെ ഓപ്പറേഷന്‍ പൂര്‍ത്തിയായതായി ഇസ്രയേല്‍ സൈന്യം പിന്നീട് പ്രതികരിച്ചത്.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ, ബാഗ്ദാദ്, ടെഹ്‌റാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 30 വരെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.