നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെ പ്രചാരണരംഗം സജീവമാകും
വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി. ഇന്നലെ മുക്കത്ത് ചേർന്ന യുഡിഎഫ് നേതൃസംഗമത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അന്തിമ രൂപ രേഖ തയ്യാറായത്. നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെ പ്രചാരണരംഗം സജീവമാകും.
രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞെങ്കിലും പകരം പ്രിയങ്ക ഗാന്ധി എത്തുന്നതിൻ്റെ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് പ്രവർത്തകർ. അഞ്ച് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലക്ഷ്യമിട്ടായിരിക്കും പ്രവർത്തനം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് എംപിമാരും എംഎൽഎമാരും നേതൃത്വം നൽകും. റെക്കോർഡ് ഭൂരിപക്ഷത്തിനായി വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണവും നടത്തും. പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയതിൻ്റെ ആവേശത്തിലാണ് ഇപ്പോൾ കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും.
ALSO READ: ഉപതെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ പാർട്ടികൾ; പാലക്കാട്, ചേലക്കര സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകാനാണ് പ്രിയങ്ക ഗാന്ധി ആദ്യം എത്തുക. ഇതിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തുടർന്ന് ഏഴു നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തും. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചരണ പ്രവർത്തനങ്ങൾക്കായി അവിടേക്കും പോകും.
തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസങ്ങളിൽ പ്രിയങ്ക പൂർണമായും വയനാട് കേന്ദ്രീകരിക്കും. പ്രിയങ്കക്കായി ദേശീയ നേതാക്കളും സെലിബ്രിറ്റികളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. ഇതോടെ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി വയനാട് മാറും.