
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾക്കായുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് യുഡിഎഫ്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. ചേലക്കരയിൽ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസ് മത്സരിക്കും. വയനാട് ലോക്സഭ സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുക പ്രിയങ്ക ഗാന്ധിയായിരിക്കും. സംസ്ഥാന നേതൃത്വത്തിന്റെ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം.
പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഈ പ്രായത്തിൽ തന്നെ പാർട്ടി ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്. ഇപ്പോൾ തന്നിരിക്കുന്ന ഈ അവസരവും വലുതാണ് എന്നും രാഹുൽ പറഞ്ഞു. വളരെ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ, പാലക്കാട് പോലെ ഒരു സീറ്റ് തന്നതിൽ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പിണറായി വിജയന്റെ പാർട്ടിയിൽ നിന്നുപോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. നേരത്തെ പറഞ്ഞത് പോലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു