അടുത്ത തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. എങ്ങനെ സഹകരിപ്പിക്കണം എന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേതൃത്വം ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന യുഡിഎഫ് നേതൃ യോഗത്തിലാണ് തീരുമാനം. മറ്റ് കക്ഷി നേതാക്കളോടും ഹൈക്കമാന്‍ഡിനോടും ചർച്ച ചെയ്ത് ഒരാഴ്ചക്കുള്ളിൽ തീരുമാനം അന്തിമമാക്കുമെന്ന് എം.എം. ഹസനും അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി.
അൻവറുമായി വിശദമായി സംസാരിച്ചുവെന്നും മുന്നണിയുമായി സഹകരിക്കുന്നതിനായി കുറച്ച് ഉപാധികൾ വെച്ചിട്ടുണ്ടെന്നും നേരത്തെ വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. തൃണമൂൽ കോൺഗ്രസിൻ്റെയും അൻവറിൻ്റെയും യുഡിഎഫ് പ്രവേശനത്തിനെപ്പറ്റിയുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. അൻവറിന്റെ പിന്തുണ നിലമ്പൂരിൽ ഗുണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതിനു പിന്നാലെയാണ് അന്‍വറിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനെ കുറിച്ച് ഇന്ന് യുഡിഎഫ് നേതൃയോഗം ചർച്ച ചെയ്തത്.
പ്രതിപക്ഷ നേതാവ് അനുകൂല നിലപാട് മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്നായിരുന്നു അൻവറിന്റെ പ്രതികരണം. 'പിണറായിസത്തെ' തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും കാണുന്നത് മര്യാദയോടെയാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
Also Read: 'ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും'; പരിഹസിച്ച് മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം, യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി. അന്‍വറിനെ മല്‍സരിപ്പിക്കാന്‍ തൃണമൂലില്‍ ആലോചന നടക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ശനിയാഴ്ച തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയേക്കും.