ജയിച്ചുകേറി ലിവർപൂളും റയലും; ചാംപ്യൻസ് ലീഗിൽ ഇന്ന് രാത്രി തീപാറും പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, ആഴ്സണൽ, യുവൻ്റസ്, എ.സി മിലാൻ, ഡോർട്ട്മുണ്ട് എന്നീ ടീമുകളാണ് ഇന്ന് ബലപരീക്ഷണത്തിന് ഇറങ്ങുന്നത്
ജയിച്ചുകേറി ലിവർപൂളും റയലും; ചാംപ്യൻസ് ലീഗിൽ ഇന്ന് രാത്രി തീപാറും പോരാട്ടങ്ങൾ
Published on


യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് രാത്രി നാല് തകർപ്പൻ പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, ആഴ്സണൽ, യുവൻ്റസ്, എ.സി മിലാൻ, ഡോർട്ട്മുണ്ട് എന്നീ ടീമുകളാണ് ഇന്ന് ബലപരീക്ഷണത്തിന് ഇറങ്ങുന്നത്. രാത്രി 1.30നാണ് നാല് ആവേശപ്പോരാട്ടങ്ങളും നടക്കുന്നത്. ഡോർട്ട്മുണ്ട് ബാഴ്സലോണയേയും, യുവൻ്റസ് മാഞ്ചസ്റ്റർ സിറ്റിയേയും, ആഴ്സണൽ മൊണാക്കോയേയും, എ.സി മിലാൻ സ്വെസ്ദയേയും നേരിടും.

അതേസമയം, യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി. തകർപ്പൻ ഫോമിൽ കളിക്കുന്ന ലിവർപൂൾ ചാംപ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്നപ്പോൾ, ബയേൺ മ്യൂണിക്ക്, പിഎസ്‌ജി, ബയർ ലെവർക്യൂസൻ എന്നീ ടീമുകളും ജയിച്ചുകയറി.

ആറ് കളികളിൽ നിന്ന് നാല് ജയവും ഒരു സമനിലയും സഹിതം, 13 പോയിന്റുമായി ബയർ ലെവർക്യൂസനാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. 13 പോയിന്റ് വീതമുള്ള ആസ്റ്റൺ വില്ല മൂന്നാമതും ഇന്റർ മിലാൻ നാലാമതും ബ്രെസ്റ്റ് അഞ്ചാമതുമുണ്ട്. നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് 18–ാം സ്ഥാനത്താണ്.

സ്പാനിഷ് ക്ലബ് ജിറോണയെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്താണ് ലിവർപൂളിന്റെ മുന്നേറ്റം. 65–ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സലായാണ് വിജയഗോൾ സമ്മാനിച്ചത്. കളിച്ച ആറു മത്സരങ്ങളും ജയിച്ച ലിവർപൂൾ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

അറ്റ്ലാൻ്റയെ അവരുടെ തട്ടകത്തിൽ വെച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാംപ്യൻമാർ തോൽപ്പിച്ചത്. 10-ാം മിനിറ്റിൽ ബ്രാഹിം ദിയാസിന്റെ പാസിൽ കിലിയൻ എംബാപ്പെയാണ് റയലിൻ്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ പരുക്കേറ്റ താരത്തിന് ഉടൻ തന്നെ കളം വിടേണ്ടിയും വന്നു.

പരുക്ക് ഭേദമായി തിരിച്ചെത്തിയ വിനീഷ്യസ് ജൂനിയറിലൂടെ 56-ാം മിനിറ്റിൽ റയൽ വീണ്ടും മുന്നിലെത്തി. മൂന്ന് മിനിറ്റിനുള്ളിൽ വിനീഷ്യസ് ജൂനിയറിൽ തന്നെ തകർപ്പൻ പാസിൽ നിന്ന് ബെല്ലിങ്ഹാം ലീഡ് 3-1 ആയി ഉയർത്തി. 65-ാം മിനിറ്റിൽ അഡെമോളെ ലുക്ക്മാൻ അറ്റ്ലാന്റയ്ക്ക് വേണ്ടി ഒരു ഗോൾ കൂടി മടക്കി സ്കോർ 3-2 ആക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com