പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും ഗർഭിണിയായി; ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം

സാമ്പത്തിക ബുദ്ധിമുട്ടുകളും ചില ബിസിനസ് പേയ്‌മെൻ്റുകളിലെ കാലതാമസവും കാരണം നികിത ട്വിച്ചനെ പിരിച്ചു വിടുകയാണെന്ന് മേൽ ഉദ്യോഗസ്ഥൻ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

യുകെയിൽ പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തി, വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിൽ നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണൽ. 28,000 പൗണ്ട് ആണ് യുവതിക്ക് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്. ഏകദേശം മുപ്പത് ലക്ഷത്തിലധികം ഇന്ത്യൻ രൂപയോളം വരും ഇത്.  വീണ്ടും ഗർഭിണിയായതാണ് പിരിച്ചുവിടലിന് കാരണമെന്ന് ആരോപിച്ച് യുവതി എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. പോണ്ടിപ്രിഡിലെ ഫസ്റ്റ് ഗ്രേഡ് പ്രൊജക്‌റ്റിലെ മുൻ അഡ്മിൻ അസിസ്റ്റൻ്റ് നികിത ട്വിച്ചനാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.

പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാനായി  മേൽ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വളരെ സൗമ്യമായി പെരുമാറി. എന്നാൽ താൻ വീണ്ടും ഗർഭിണിയാണെന്ന്  അറിഞ്ഞപ്പോൾ പെരുമാറ്റത്തിൽ മാറ്റം ഉണ്ടായെന്നും യുവതി വെളിപ്പെടുത്തി. ഇതാണ് ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമെന്നാണ് യുവതിയുടെ ആരോപണം. 

2022 മാർച്ചിൽ പ്രസവാവധിയുടെ കാലാവധി അവസാനിച്ചു. തുടർന്ന് ജോലിയിൽ പ്രവേശിക്കാനുള്ള നടപടി ക്രമങ്ങൾക്കായി കമ്പനിയെ സമീപിച്ചുവെങ്കിലും അധികൃതർ  ഇതിന് തയ്യാറായില്ല. അവധിക്കാല അവകാശത്തെക്കുറിച്ച് അവർ മേൽ ഉദ്യോഗസ്ഥന് മെയിൽ അയച്ചു. എന്നാൽ  അതിനും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഏപ്രിൽ 11, 18 തീയ്യതികളിലും മെയിൽ അയച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകളും ചില ബിസിനസ് പേയ്‌മെൻ്റുകളിലെ കാലതാമസവും കാരണം നികിത ട്വിച്ചനെ പിരിച്ചു വിടുകയാണെന്ന് മേൽ ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയാണെന്നും ആയതിനാൽ താങ്കളുടെ സേവനം ആവശ്യമില്ലെന്നുമായിരുന്നു കമ്പനി നികിതയെ അറിയിച്ചത്. 

പരാതി ന്യായമാണെന്ന് മനസിലാക്കിയ ട്രൈബ്യൂണൽ, നടന്നത് അന്യായമായ പിരിച്ചു വിടലാണെന്ന് വിധിച്ച് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഗർഭിണിയായിരിക്കെ ജോലിയിൽ നിന്ന് പുറത്താക്കിയത് അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയെന്നും, കുടുംബ ഉത്തരവാദിത്വങ്ങളെയും അത് ബാധിച്ചുവെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com