
സമസ്ത മുശാവറ ജോയിൻ്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ സമസ്തയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പ്രമേയം. എടവണ്ണപ്പാറയിലെ ആദർശ സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിനെതിരെയാണ് എടവണ്ണപ്പാറയിൽ സമസ്ത കോ ഓർഡിനേഷൻ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചത്. സാദിഖലി തങ്ങൾക്കെതിരെയുള്ള വിവാദ പരാമർശത്തിൽ ഉമർ ഫൈസിക്ക് രൂക്ഷ വിമർശനമുയർന്നിരുന്നു.
ഉമർ ഫൈസിയെ മാറ്റിനിർത്തണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ റഹ്മാൻ ഫൈസി ആവശ്യപ്പെട്ടു. സിപിഎമ്മിന് വേണ്ടി സമസ്തയിൽ സമാന്തര പ്രവർത്തനം നടത്തുന്നു. സമസ്തയെ തകർക്കാനുള്ള ശ്രമം നടക്കുന്നു. ഉമർ ഫൈസിയെ പുറത്താക്കി, സമസ്തയെ ശുദ്ധീകരിക്കണമെന്നും റഹ്മാൻ ഫൈസി പറഞ്ഞു. ഉമർ ഫൈസിയെ പിന്തുണച്ച സമസ്തയിലെ നേതാക്കൾക്കെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ട്.
പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ശ്രമിച്ചാൽ അത് നടക്കില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവനയിൽ സമസ്ത വിശദീകരണക്കുറിപ്പ് പുറത്തിറക്കി. സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരെ വിവരമറിയിച്ചിരുന്നു. ആക്ഷേപ പ്രസംഗം പാടില്ല, അത് പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു മറുപടി. എന്നാൽ, സമസ്ത വിശദീകരണത്തിനുശേഷം ഉമർ ഫൈസിയെ പിന്തുണച്ച് വീണ്ടും പ്രസ്താവന വന്നു. ആ പ്രസ്താവന കൊണ്ടുമാത്രമാണ് ഈ പരിപാടി നടത്തുന്നതെന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലായിരുന്നു ഉമർ ഫൈസി മുക്കം വിമർശനം ഉന്നയിച്ചത്. സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനയെ തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും, കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു.