കാലാവസ്ഥ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടങ്ങി; കോടതിയുടെ തീരുമാനം 2025 ൽ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ രാജ്യങ്ങൾ എന്തുചെയ്യണം, ഉയരുന്ന താപനിലയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ എങ്ങനെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും.
കാലാവസ്ഥ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം  തുടങ്ങി; കോടതിയുടെ തീരുമാനം 2025 ൽ
Published on

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കാലാവസ്ഥ കേസിൽ വാദം തുടങ്ങി. നൂറിലധികം രാജ്യങ്ങളും സംഘടനകളും കേസിൽ കക്ഷിയാണ്. . ഡിസംബർ 13 വരെയാണ് വാദം. ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ വനുവാറ്റുവിന്‍റെ പ്രതിനിധിയായ റാൽഫ് റെഗെൻവാനു ആണ് ആദ്യം വാദം അവതരിപ്പിച്ചത്.


കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും അതു മൂലമുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതത്തെ നേരിടാൻ അപകടാവസ്ഥയിലുള്ള രാജ്യങ്ങളെ സഹായിക്കാനും ലോക രാജ്യങ്ങൾക്കു നിയമപരമായി എന്തുചെയ്യാനാകുമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാദം തിങ്കളാഴ്ച മുതൽ ഹേഗിലെ പീസ് പാലസിൽ ആരംഭിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ രാജ്യങ്ങൾ എന്തുചെയ്യണം, ഉയരുന്ന താപനിലയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ എങ്ങനെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. നൂറിലധികം രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള അഭിഭാഷകരും പ്രതിനിധികളും ഹേഗിലെ ഐസിജെക്ക് മുമ്പാകെ നിവേദനം നൽകും. ഡിസംബർ 13 വരെ തുടരുന്ന വാദത്തിൽ കോടതിയുടെ തീരുമാനം 2025 ലാണ് അറിയുക.

ആഗോളതാപനത്തിൻ്റെ ഫലമായി സമുദ്ര നിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് പസഫിക് ദ്വീപ രാജ്യമായ വനുവാറ്റു യുഎന്നിലുന്നയിച്ച പരാതിയാണ് കേസിനാധാരം. വനുവാറ്റു ദ്വീപിൻ്റെ പ്രതിനിധിയായ റാൽഫ് റെഗെൻവാനു ആണ് ആദ്യം വാദം അവതരിപ്പിച്ചത്. സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് 50% ത്തിലധികം വർദ്ധിച്ചുവെന്ന് റെഗെൻവാനു കോടതിയെ അറിയിച്ചു . ഫിജിയിലെ നിയമ വിദ്യാർത്ഥികൾ വർഷങ്ങളായി നടത്തിയ പ്രതിഷേധത്തിൻ്റെ പരിസമാപ്തിയാണ് ഈ ഹിയറിങ്.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുകെ, റഷ്യ തുടങ്ങിയ വികസിത രാജ്യങ്ങൾ ഉൾപ്പെടെ 98 രാജ്യങ്ങളുടെ വാദങ്ങളും കോടതി കേൾക്കും. ലോകത്തിലെ ഏറ്റവും കൂടുതൽ ഹരിത ഗൃഹ വാതകം പുറന്തള്ളുന്ന അമേരിക്ക, ചൈന എന്നീ രാജ്യങ്ങളും എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കും വിചാരണയുടെ ഭാഗമാകും.

അസർബൈജാനിൽ നടന്ന COP29 കാലാവസ്ഥാ ഉച്ചകോടി അവസാനിച്ച് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഹിയറിംഗുകൾ ആരംഭിച്ചത്. കാലാവസ്ഥ ധനസഹായത്തിലേക്ക് സമ്പന്ന രാജ്യങ്ങൾ 2035 ഓടെ 300 ബില്യൺ ഡോളർ നൽകാമെന്ന തീരുമാനത്തിൽ ദരിദ്ര രാജ്യങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. ഇത് മതിയായ തുകയല്ലെന്ന വാദമാണ് ഈ രാജ്യങ്ങൾ ഉയർത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com