
സുഡാൻ ആഭ്യന്തര യുദ്ധക്കാലത്ത് ഒരു വയസുള്ള കുട്ടികളുൾപ്പെടെ ബലാത്സംഗത്തിനിരയായെന്ന് ഐക്യരാഷ്ട്ര സഭ. യുദ്ധക്കാലത്ത് ഒരു വയസ് പ്രായമായ കുട്ടികളെ പോലും ആയുധധാരികളായ പുരുഷന്മാർ ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരം യുഎന്നിൻ്റെ കുട്ടികളുടെ സംഘടനയായ യൂണിസെഫാണ് പുറത്തുവിട്ടത്.
ഏകദേശം രണ്ടുവർഷമായി രാജ്യത്ത് തുടരുന്ന സംഘർഷത്തിൽ കൂട്ട ലൈംഗികാതിക്രമങ്ങൾ യുദ്ധായുധമെന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നും, ഇരകളിൽ മൂന്നിൽ ഒരാൾ ആൺകുട്ടികളാണെന്നും യൂണിസെഫിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കൊച്ചു കുട്ടികളിൽ ബലാത്സംഗത്തെ തുടർന്നുണ്ടായ ആഘാതത്തെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ വിവരമാണ് യൂണിസെഫ് പ്രസിദ്ധീകരിച്ചത്.
2024 ൻ്റെ തുടക്കം മുതൽ കുട്ടികൾക്കെതിരായ 221 ബലാത്സംഗ കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, യഥാർഥ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് യൂണിസെഫ് വ്യക്തമാക്കുന്നുണ്ട്. സുഡാൻ ഒരു സാമൂഹിക യാഥാസ്ഥിതിക രാജ്യമാണ്. ആയതിനാൽ ഇത്തരത്തിൽ അതിക്രമങ്ങൾ നേരിട്ടവരുടെ കുടുംബത്തെ ബലാത്സംഗത്തെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് തടയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ആഭ്യന്തര യുദ്ധത്തിൽ കുട്ടികൾക്കെതിരായ പീഡനങ്ങളെ കുറിച്ചുള്ള ഭയാനകമായ സൂചനയാണ് യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ആരാണ് ഉത്തരവാദിയെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ മറ്റ് യുഎൻ അന്വേഷണങ്ങൾ ഭൂരിഭാഗം ബലാത്സംഗത്തിനും കാരണം അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് ആരോപിക്കുന്നു.യൂണിസെഫിൻ്റെ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ സുഡാനിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് സൂചിപ്പിക്കുന്നത്.