
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നവരുടെ ആദ്യ സംഘം നാട്ടിലെത്തിയിട്ടും രണ്ട് മലയാളി യുവാക്കളുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു. തൃശൂർ സ്വദേശികളായ ബിനിൽ ബാബു, ജെയ്ൻ കുര്യൻ തുടങ്ങിയവരാണ് യുദ്ധമുഖത്ത് ഇപ്പോഴും ആശങ്കയിൽ കഴിയുന്നത്. ഇരുവരെയും മോചിപ്പിക്കുന്നതിനായി ശ്രമങ്ങൾ തുടരുമ്പോഴും റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യൻ എംബസി അധികൃതർ ബന്ധുക്കൾക്ക് നൽകുന്ന വിവരം.
റഷ്യയിലെ ബഹ്മത്തിനോട് അടുത്ത് യുക്രെയിനിലെ അധിനിവേശ മേഖലയിലാണ് ബിനിൽ ബാബുവും ജെയ്ൻ കുര്യനും നിലവിൽ കഴിയുന്നത്. ഓരോ ദിവസവും പട്ടാളം മുന്നോട്ട് പോകുന്നതിനാൽ തങ്ങൾ ഇപ്പോഴുള്ളത് എവിടെയാണെന്ന് കൃത്യമായി ഇരുവർക്കും അറിയില്ല. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ബിനിൽ അവശ നിലയിലുമാണ്. ഇക്കാര്യങ്ങളെല്ലാം എംബസി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യത്തിൽ മാത്രം അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇരുവരും ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.
പട്ടാള സംഘത്തിലുള്ളവർ വൈഫൈ നൽകിയാൽ മാത്രമാണ് ഇരുവർക്കും ബന്ധുക്കളോടും എംബസി അധികൃതരോടും ബന്ധപ്പെടാനാകുന്നത്. രണ്ട് മിനിറ്റ് സമയത്തേക്ക് പോലും വൈഫൈ ഉപയോഗിക്കുന്നതിന് ചിലർ വൻ തുക ആവശ്യപ്പെടുന്നതായി ബിനിലും ജെയ്നും പറയുന്നു. യുദ്ധ മുഖത്ത് കുടുങ്ങി കിടക്കുന്നവരുടെ ദുരിതങ്ങൾ ബന്ധുക്കൾ ഇന്ത്യൻ എംബസി അധികൃതരെ നിരന്തരം അറിയിക്കുന്നുണ്ട്. എന്നാൽ എംബസി നൽകുന്ന മറുപടിയും ആശങ്കൾ ഇരട്ടിയാക്കുകയാണെന്നാണ് ഇവർ പറയുന്നത്.
ബിനിലിനും ജെയ്നുമൊപ്പം റഷ്യയിലെത്തിയ മൂന്ന് മലയാളികളടക്കം 11 പേർ കൂടി നാട്ടിലേക്ക് മടങ്ങുന്നതിനായി നിലവിൽ മോസ്കോയിലേക്കുള്ള യാത്രയിലാണ്. ഇന്ന് വൈകിട്ടോടെ മോസ്കോയിലെത്തുന്ന ഈ സംഘത്തിന് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ജന്മനാട്ടിലേക്ക് തിരികെ എത്താൻ സാധിക്കും.