UNION BUDGET 2025 | നൈപുണ്യ കേന്ദ്രങ്ങള്‍, എഐ, പിന്നെ സ്ഥിരം ഐഐടി വികസനവും

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല
UNION BUDGET 2025 | നൈപുണ്യ കേന്ദ്രങ്ങള്‍, എഐ, പിന്നെ സ്ഥിരം ഐഐടി വികസനവും
Published on

2024 കേന്ദ്ര ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വികസനത്തിലും എഐയിലും സീറ്റ് വർധനയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. നിലവാരമുള്ള വിദ്യാഭ്യാസമുറപ്പാക്കുകയാണ് വികസിത് ഭാരതിന്റെ ലക്ഷ്യമെന്നാണ് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി നിർമല സിതാരാമൻ പറഞ്ഞത്.

പൊതു വിദ്യാഭ്യാസ മേഖലയെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാ​ഗമായുള്ള പദ്ധതികൾ ബജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമനസ്സുകളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും ‌ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഉറപ്പാക്കും. ഭാരതീയ ഭാഷാ പുസ്തക് സ്കീം പ്രകാരം ഇന്ത്യൻ ഭാഷയിലെ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്.

അടുത്ത വർഷത്തോടെ മെഡിക്കൽ കോളേജുകളിൽ 10,000 അധിക സീറ്റുകൾ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2024 ന് ശേഷം ആരംഭിച്ച അഞ്ച് ഐഐടികളിൽ കേന്ദ്രം അധിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് ഐഐടിക്കും ഇതിന്റെ ​ഗുണം ലഭിക്കും. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഐഐടി പട്നയുടെ ഹോസ്റ്റലും മറ്റ് അടിസ്ഥാന സൗകര്യ ശേഷിയും വർധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 23 ഐഐടികളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം 65,000 ൽ നിന്ന് 1.35 ലക്ഷമായാണ് വർധിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ, ഐഐടിയിലും ഐഐഎസ്‌സിയിലും സാങ്കേതിക ഗവേഷണത്തിനായി പിഎം റിസർച്ച് ഫെല്ലോഷിപ്പ് വഴി 10,000 വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടയ്ക്കുന്ന പണത്തിന്മേൽ ടിസിഎസ് ഒഴിവാക്കാനും ബജറ്റിൽ നിർദേശമുണ്ട്. പ്രത്യേക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പയിൽ നിന്നാണ് പണം അടയ്ക്കുന്നതെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശനം കേന്ദ്ര ബജറ്റ് വേണ്ടവിധം പ്രോത്സാഹിപ്പിക്കുന്നില്ല. സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ, സാമ്പത്തിക സഹായ പരിപാടികൾ എന്നിവയിൽ കാര്യമായ പുരോഗതി ഇപ്പോഴും ഉണ്ടായിട്ടില്ല. 10,000 ഫെല്ലോഷിപ്പുകൾ നൽകുമെന്ന് പറയുമ്പോഴും അതിന്റെ മാനദണ്ഡങ്ങൽ വ്യക്തമല്ല. ഇത് പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അവസരങ്ങൾ പരിമിതപ്പെടുത്തുകയാണ്. രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് തുല്യ പ്രവേശനം ഉറപ്പാക്കേണ്ടത് നിർണായകമാണ്. എന്നാൽ നൈപുണ്യ വികസനത്തിലും എഐയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റ് ഇത്തരം ലക്ഷ്യങ്ങളെ കാര്യമായി പരി​ഗണിക്കുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com