"കേസുകൾ നിയമപരമായി നേരിടും"; ആംബുലൻസ് യാത്രയിൽ കേസെടുത്തതിൽ പ്രതികരണവുമായി സുരേഷ് ഗോപി

ഒറ്റ തന്ത പ്രയോഗത്തിൽ താൻ പറഞ്ഞത് മുഖ്യമന്ത്രിയെ ആണെന്ന് ആരാണ് നിശ്ചയിച്ചതെന്നും സുരേഷ് ഗോപി ചോദിച്ചു
"കേസുകൾ നിയമപരമായി നേരിടും"; ആംബുലൻസ് യാത്രയിൽ കേസെടുത്തതിൽ പ്രതികരണവുമായി സുരേഷ് ഗോപി
Published on


പൂരത്തിനിടയിൽ ആംബുലൻസിൽ യാത്ര നടത്തിയതിൽ തൃശൂരിൽ കേസ് എടുത്തതിനെ നിയമപരമായി നേരിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസുകൾ നിയമപരമായി നേരിടും. പക പോക്കൽ നടപടിയാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഒറ്റ തന്ത പ്രയോഗത്തിൽ താൻ പറഞ്ഞത് മുഖ്യമന്ത്രിയെ ആണെന്ന് ആരാണ് നിശ്ചയിച്ചതെന്നും സുരേഷ് ഗോപി ചോദിച്ചു.

സിപിഐ നേതാവിൻ്റെ പരാതിയിലാണ് പൂര നഗരിയിൽ ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവുമാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ, മനുഷ്യന് ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്.

ആംബുലൻസ് അടിയന്തര ആവശ്യങ്ങൾക്കും രോഗികൾക്കും യാത്ര ചെയ്യേണ്ട വാഹനമാണ്. എന്നാൽ, സുരേഷ് ഗോപി അങ്ങനെയല്ല ഉപയോഗിച്ചത്. ഇതിന് പുറമെ പൂര സമയത്ത് ആംബുലൻസുകൾക്കെല്ലാം പോകാൻ കൃത്യമായ റൂട്ട് മുൻകൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു. മന്ത്രിമാർക്ക് പോലും പൂര നഗരിയിലേക്ക് എത്താൻ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതൊക്കെ ലംഘിച്ചാണ് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതെന്നും മനുഷ്യൻ്റെ ജീവന് ഭീഷണിയാവുന്ന തരത്തിൽ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പരാതി ലഭിച്ചതെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആദ്യം ആംബുലൻസിൽ കയറിയില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി പിന്നീട് അത് തിരുത്തി, ആംബുലൻസിൽ യാത്ര ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ യാത്ര ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും, സിബിഐ വന്നാലെ മൊഴിയെടുക്കാൻ സമ്മതിക്കൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മുൻ പ്രതികരണങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com