
ഉണ്ണി മുകുന്ദൻ പ്രതിയായ മർദന കേസിൽ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്. മർദനം നടന്ന കാക്കനാടുള്ള ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തും. തെളിവുകൾ ശേഖരിച്ച ശേഷം ഉണ്ണി മുകുന്ദനെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. മാനേജർ വിപിൻ കുമാറിന് നേരെ ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കി എന്നാണ് എഫ്ഐആർ.
ഇന്നലെ രാവിലെ 11:30 ഓടെയാണ് പ്രൊഫഷണൽ മാനേജരായ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചത്. മാനേജർ താമസിക്കുന്ന കാക്കനാട് ഫ്ലാറ്റിൽ എത്തി മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രം പരാജയപ്പെട്ടതും പുതിയ അവസരങ്ങൾ ലഭിക്കാത്തതും മൂലം ഉണ്ണി മുകുന്ദൻ അസ്വസ്ഥനായിരുന്നു എന്നാണ് വിപിൻ കുമാർ പറയുന്നത്.
Also Read: ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്ന് എഫ്ഐആർ; മാനേജറെ മർദിച്ചത് 'നരിവേട്ട'യെ പ്രശംസിച്ചതിന്
ഫ്ലാറ്റിന്റെ ബേസ്മെന്റിൽ വെച്ചായിരുന്നു മർദനമെന്നാണ് വിപിൻ കുമാർ പറയുന്നത്. ഫ്ലാറ്റിനു താഴേക്ക് വിളിച്ചുവരുത്തി കാരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു. ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തുക, തടഞ്ഞുവെക്കുക, അസഭ്യം പറയുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. തെളിവുകൾ ശേഖരിച്ച ശേഷമാകും നടന് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകുക. ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ ആറ് വർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആണ്.