'കഴിവ് എല്ലായിടത്തും ഉണ്ട്'; ഒരു സെയില്‍സ്മാന്‍റെ ജീവിതം മാറ്റിമറിച്ച കസ്റ്റമർ

അൺസ്റ്റോപ്പ് എന്ന എഡ്ടെക് സ്റ്റാർട്ടപ്പിന്റെ സിഇഒ അങ്കിത് അ​ഗർവാൾ അപ്രതീക്ഷിതമായാണ് സന്ദീപിനെ കണ്ടുമുട്ടിയത്
അങ്കിത് അ​ഗർവാൾ
അങ്കിത് അ​ഗർവാൾ
Published on

സാധാരണ ഷോപ്പിങ്ങിനായി എത്തുന്ന ഒരു കസ്റ്റമർ അവിടുത്തെ സെയിൽസ്മാന്റെ ജീവിതം മാറ്റിമറിക്കുമോ? അങ്ങനെ സംഭവിച്ചേക്കാം എന്നാണ് റിലയൻസ് ഡിജിറ്റലിലെ സെയിൽമാനായിരുന്ന സന്ദീപിന്റെ അനുഭവം സൂചിപ്പിക്കുന്നത്. റിലയൻസ് ഡിജിറ്റലിൽ എത്തിയ അൺസ്റ്റോപ്പ് എന്ന എഡ്ടെക് സ്റ്റാർട്ടപ്പിന്റെ സിഇഒ അങ്കിത് അ​ഗർവാൾ അപ്രതീക്ഷിതമായാണ് സന്ദീപിനെ കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ചയെപ്പറ്റി അങ്കിത് ലിങ്കിഡ്ഇനിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. പ്രതീക്ഷിക്കാത്തയിടത്ത് നിങ്ങൾക്ക് പ്രതിഭകളെ കണ്ടെത്താൻ സാധിക്കുമെന്നാണ് അങ്കിത് പോസ്റ്റിലൂടെ പറയുന്നത്.

ഒരു പ്രിന്റർ വാങ്ങാനായാണ് അങ്കിത് അ​ഗർവാൾ റിലയൻസിന്റെ ഇലക്ട്രോണിക്സ് സ്റ്റോറിലേക്ക് പോയത്. എന്നാൽ തിരികെ പോയത് തന്റെ കമ്പനി ടീമിലേക്ക് ഒരാളെകൂടി ചേർത്തുകൊണ്ടും - മറ്റാരുമല്ല സന്ദീപ് തന്നെ.

'ഒരു പ്രിന്റർ വാങ്ങുന്നതിനിടയിൽ ഞാൻ ഒരാളെ ജോലിക്കെടുത്തു! റിലയൻസ് ഡിജിറ്റലില്‍ സന്ദീപ് ആണ് പർച്ചേസിന് എന്നെ സഹായിച്ചത്. ഞങ്ങൾ സംസാരിച്ചപ്പോൾ, ഒരു ഫ്രണ്ട്-എൻഡ് ഡെവലപ്പറാകാനുള്ള സ്കിൽ ഉണ്ടാക്കിയെടുത്ത് സജീവമായി അവസരങ്ങൾക്കായി അന്വേഷിക്കുകയാണ് താനെന്ന് അദ്ദേഹം പറഞ്ഞു', അങ്കിത് ആ കഥ ലിങ്കിഡ്ഇനിൽ പങ്കുവച്ചു.  സന്ദീപിന്റെ ആവേശം തിരിച്ചറിഞ്ഞ അങ്കിത് അയാളുടെ കഴിവ് ഒന്ന് പരീക്ഷിച്ചറിയാൻ തീരുമാനിച്ചു. ആപ്ലിക്കേഷൻ ഫോമുകളോ അഭിമുഖങ്ങളോ ഇല്ലാതെ അങ്കിത് ആദ്യ അസൈൻമെന്റ് സന്ദീപിന് നൽകി. ഒരു ചെറിയ ആപ് നിർമിക്കണം.

സന്ദീപ് ആ വെല്ലുവിളി ഏറ്റെടുത്തു. കൃത്യമായി, പറഞ്ഞ സമയത്ത് തന്നെ, വിജയകരമായി ആപ് നിർമിച്ച് അങ്കിതിനെ ഏൽപ്പിച്ചു. സന്ദീപിന്റെ ആത്മവിശ്വാസത്തിലും പ്രകടനത്തിലും ആകൃഷ്ടനായ അങ്കിത് അഗർവാൾ അദ്ദേഹത്തെ അപ്പോൾ തന്നെ അൺസ്റ്റോപ്പ് ടീമിലേക്ക് സ്വാഗതം ചെയ്തു.

'കഴിവ് എല്ലായിടത്തും ഉണ്ട്. ചിലപ്പോൾ, അത് കണ്ടെത്താൻ ഒരു സംഭാഷണം മതിയാകും. അൺസ്റ്റോപ്പ്-വേർ ടാലന്റ് മീറ്റ്സ് ഓപ്പർച്യുണിറ്റീസ് എന്ന ഞങ്ങളുടെ മുദ്രാവാക്യമാണ് ഞങ്ങൾ യഥാർഥത്തിൽ നടപ്പിലാക്കിയത്!" എന്ന പ്രചോദനാത്മകമായ സന്ദേശത്തോടെയാണ് അങ്കിത് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ലിങ്ക്ഡ്ഇനിൽ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നിരവധി ഉപയോക്താക്കൾ മിസ്റ്റർ അഗർവാളിന്റെ സമീപനത്തെ പ്രശംസിച്ചു രം​ഗത്തുമെത്തി. ഒരോ നിമിഷവും അവസരം കാത്തു നിൽക്കുന്നുവെന്ന് എല്ലാവരെയും ഈ സംഭവം ഓർമപ്പെടുത്തുന്നുവെന്നാണ് ഈ പോസ്റ്റ് ഷെയർ ചെയ്ത നെറ്റിസൺസിന്റെ അഭിപ്രായം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com