തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരെ പ്രാദേശിക സമാജ്‌വാദി പാർട്ടി പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആരോപിച്ചു
ഉത്തർപ്രദേശിൽ കാണാതായ 23 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന കർഹാൽ നിയോജക മണ്ഡലത്തിലെ വോട്ടറായ യുവതിയാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരെ പ്രാദേശിക സമാജ്‌വാദി പാർട്ടി പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ മരണത്തിൽ പിതാവ് നൽകിയ പരാതിയെ തുടർന്ന് പ്രശാന്ത് യാദവ്, മോഹൻ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിച്ചതിനാലാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചതായി മെയിൻപുരി ജില്ലാ പൊലീസ് മേധാവി വിനോദ് കുമാർ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് പ്രശാന്ത് യാദവ് തങ്ങളുടെ വീട്ടിൽ വന്ന് ഏത് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചതായും, തൻ്റെ കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചതിനാൽ ബിജെപിയുടെ ചിഹ്നമായ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായി മാതാപിതാപിതാക്കൾ വ്യക്തമാക്കി.
ALSO READ: മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചു; ജാർഖണ്ഡിൽ പ്രതിഷേധം ശക്തം
ഇതിനെ തുടർന്ന് യാദവ് യുവതിയെ ഭീഷണിപ്പെടുത്തുകയും സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ മരണത്തിൽ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രശാന്ത് യാദവും അദ്ദേഹത്തിൻ്റെ സഹായികളും ചേർന്ന് ദളിത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് സൈക്കിളിന് വോട്ട് ചെയ്യാൻ വിസമ്മതിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ALSO READ: ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസ്സില്‍ അറസ്റ്റില്‍
സമാജ്‌വാദി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സംഭവവുമായി എസ്‌പിക്ക് ബന്ധമില്ലെന്നും പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. യുവതിയുടെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികൾ കടുത്ത ശിക്ഷ അനുഭവിക്കണമെന്നും സമാജ്‌വാദി പാർട്ടിയുടെ കർഹാൽ സ്ഥാനാർഥി തേജ് പ്രതാപ് യാദവ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയും തമ്മിൽ വാക്ക് പോര് നടക്കുന്നതിനിടയിലാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരിക്കുന്നത്.