
ഷാഹി ജുമാ മസ്‌ജിദ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിട്ടു. ഷാഹി ജുമാ മസ്‌ജിദിൻ്റെ സർവേയെ തുടർന്ന് സംഭാലിൽ നടന്ന പ്രതിഷേധ സമരങ്ങൾക്കിടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് പ്രകാരം, റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങൾ. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമിതി രൂപീകരിക്കാനുള്ള ഉത്തരവ് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത്. അതേസമയം ജുമാ മസ്ജിദ് വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ജുമാമസ്ജിദ്-ഹരിഹർ മന്ദിർ തർക്കത്തിൽ കോടതി ഉത്തരവിട്ട സർവേയ്ക്കിടെ സംഭാലിൽ അക്രമസംഭവങ്ങൾ നടന്നിരുന്നു. ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ സഫർ അലി രംഗത്തെത്തിയിരുന്നു. പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്നും ആൾക്കൂട്ടത്തിൽ നിന്നും വെടിവെപ്പുണ്ടായി എന്ന വാദം തെറ്റാണെന്നും, നടന്നത് പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പാണെന്നുമായിരുന്നു സഫർ അലിയുടെ വാദം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്നും സഫർ അലി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച്ചയായിലേറെയായി യുപിയിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് പരിസരപ്രദേശങ്ങളിൽ കലാപസമാന അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതോടെയാണ് സംഭല്‍ സംഘര്‍ഷഭരിതമായത്.
പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529 ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നുമാണ് വാദം. വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഷേധങ്ങള്‍ക്കിടയിൽ അഞ്ച് പേർ കൊല്ലപ്പെട്ടപ്പോഴും അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.