
പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. സുഗമമായ തീർത്ഥാടനത്തിനാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മഹാകുംഭ് പ്രദേശം സമ്പൂർണ വാഹനരഹിത മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 30 പേരാണ് കുംഭമേളയിൽ ജനത്തിരക്കിൽപ്പെട്ട് മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മഹാകുംഭ് പ്രദേശത്ത് ഗതാഗത തടസവും ജനക്കൂട്ടവും ഒഴിവാക്കണമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. തിരക്ക് നിയന്ത്രിക്കാൻ അഞ്ച് നിയന്ത്രണങ്ങളോടെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെക്രട്ടറി തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും യുപി സർക്കാർ അറിയിച്ചു. മഹാകുംഭ് പ്രദേശത്തേക്കുള്ള എല്ലാത്തരം വാഹനങ്ങളുടെയും പ്രവേശനം നിരോധിച്ച് സമ്പൂർണ വാഹന നിരോധിത മേഖലയാക്കി.
വിവിഐപി പാസുകൾ റദ്ദാക്കിയതിനാൽ പ്രത്യേക പാസിലൂടെയും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സമീപ ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങളെ അതിർത്തിയിൽ തടയും. ഫെബ്രുവരി നാല് വരെ നഗരത്തിൽ നാലു ചക്ര വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചു. വഴിയോര കച്ചവടക്കാരെ റോഡുകളിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റും. ഭക്തരുടെ സുഗമമായ സഞ്ചാരത്തിന് മേളയിലേക്കുള്ള റോഡുകൾ വൺവേയാക്കി. അതിർത്തിയിലെ ജനക്കൂട്ടത്തിൻ്റെ തിരക്ക് നിയന്ത്രിക്കാനും, പ്രയാഗ് രാജിൽ നിന്നുള്ള മടക്കയാത്ര തടസമില്ലാതെ തുടരുന്നതിനും അതിർത്തി പോയിൻ്റുകളിൽ സജ്ജീകരണം ഒരുക്കാൻ സമീപ ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
അപകടത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. പൊലീസന്വേഷണവും തുടരുകയാണ്. അതേസമയം അപകടത്തിന് കാരണം വിവിഐപി പ്രോട്ടോക്കോളാണ് എന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. ഇന്നലെ പുലർച്ചെ ഒരു വിഐപി വാഹനവും കടത്തിവിട്ടിരുന്നില്ലെന്നാണ് സർക്കാരിൻ്റെ വാദം. ജുഡീഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സംസ്ഥാന സർക്കാരാണെന്നുമാണ് പ്രതിപക്ഷ വിമർശനം.
കുഭമേളയിൽ പങ്കെടുക്കാനായി ഇന്നലെ മാത്രം എട്ട് കോടിയോളം പേരാണ് പ്രയാഗ് രാജിലേക്കെത്തിയതെന്നാണ് ഔദ്യോഗിക കണക്കുകൾ. കുംഭമേള ആരംഭിച്ച് ഇതുവരെ 27 കോടിയിലധികം പേർ സ്നാനം നടത്തി. ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിവസം അമൃതസ്നാനം നടക്കുമെന്നും, ചീഫ് സെക്രട്ടറിയും ഡിജിപിയും അടങ്ങുന്ന ഉന്നതതല സംഘം ക്രമീകരണങ്ങൾ വിലയിരുത്തുമെന്നും യുപി സർക്കാർ അറിയിച്ചു.