മുറിവ് തുന്നിക്കെട്ടി, പിറകെ സൂചി രോഗിയുടെ തലയ്ക്കുള്ളിൽ വച്ച് മറന്ന് ഡോക്ടർ; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

ഹെൽത്ത് സെൻ്ററിലെ ഡോക്ടർ മദ്യപിച്ചിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. ഇനി മറ്റാരും ഈ സ്ഥിതിയിലൂടെ കന്നു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും, നീതി ലഭിക്കണമെന്നും അവർ പറഞ്ഞു.
മുറിവ് തുന്നിക്കെട്ടി, പിറകെ സൂചി രോഗിയുടെ തലയ്ക്കുള്ളിൽ വച്ച് മറന്ന് ഡോക്ടർ; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
Published on


ആരോഗ്യരംഗത്തെ വീഴ്ചകളുടെ കാര്യത്തിൽ കുപ്രസിദ്ധി ആർജിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇപ്പോഴിതാ ഗുരുതരമായ മറ്റൊരു വീഴ്ചയാണ് യുപിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയുടെ തലയിലെ മുറിവ് തുന്നിക്കെട്ടിയ ശേഷം സൂചി തലയക്കുള്ളിൽ വച്ച് മറന്നാണ് ഡോക്ടറെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

യുപി, ഹാപൂരിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. അയൽക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ തലയ്ക്ക് പരിക്കേറ്റ സിതാര എന്ന പതിനെട്ടു വയസുകാരിയെ പ്രദേശത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. തലയിൽ തുന്നൽ വേണമെന്ന് പറഞ്ഞ് ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് യുവതിയുടെ തലയിലെ മുറിവ് തുന്നിക്കെട്ടി വീട്ടിലേക്ക് അയച്ചു.

എന്നാൽ വീട്ടിലെത്തിയ സിതാര വേദന സഹിക്കാനാകാതെ കരയാൻ തുടങ്ങി. അതോടെ വീട്ടുകാർ അവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അവിടെ വച്ച് ഡോക്ടർമാർ മുറിവ് വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് സൂചി കണ്ടത്. ഉടനെ തന്നെ അത് നീക്കം ചെയ്യുകയായിരുന്നു.

ഇതോടെ പരാതിയുമായി യുവതിയുടെ കുടുംബം മുന്നോട്ടു വന്നു. ഹെൽത്ത് സെൻ്ററിലെ ഡോക്ടർ മദ്യപിച്ചിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. ഇനി മറ്റാരും ഈ സ്ഥിതിയിലൂടെ കടന്നു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും, മകൾക്ക് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു. മകളുടെ തലയിൽ നിന്ന് എടുത്ത സൂചി യുവതിയുടെ അമ്മ മാധ്യമങ്ങളെ കാണിച്ചു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചുവെന്ന് ഹാപൂർ ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ സുനിൽ ത്യാഗി പറഞ്ഞു."രണ്ടംഗ സംഘത്തെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com