fbwpx
യുഎസ് നാടുകടത്തൽ: ഇന്ത്യക്കാരെ വിലങ്ങിട്ടുകൊണ്ടുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് ബോർഡർ പട്രോൾ
logo

ന്യൂസ് ഡെസ്ക്

Posted : 06 Feb, 2025 04:23 PM

ഏകദേശം 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിയമവിരുദ്ധമായി കുടിയേറിയാൽ, നിങ്ങളെയും നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു

NATIONAL


യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കാലിലും കൈയ്യിലും വിലങ്ങ് വെച്ച സംഭവത്തിൽ ഇന്ത്യയിൽ പ്രതിഷേധം ഉയരുന്നതിനിടെ നാടുകടത്തപ്പെട്ടവരുടെ വീഡിയോ പങ്കുവെച്ച് യുഎസ് ബോർഡർ പട്രോൾ മേധാവി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയെന്ന കുറിപ്പോടെയായിരുന്നു എക്സിൽ വീഡിയോ എത്തിയത്. ആളുകളുടെ കൈകൾ വിലങ്ങിട്ട് കാലുകൾ ബന്ധിച്ചതായി വീഡിയോയിൽ വ്യക്തമായി കാണാം.


യുഎസ്ബിപി മേധാവി മൈക്കൽ ഡബ്ല്യു ബാങ്ക്സാണ് വീഡിയോ പങ്കുവെച്ചത്. ഏകദേശം 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിയമവിരുദ്ധമായി കുടിയേറിയാൽ, നിങ്ങളെയും നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. "അനധികൃത കുടിയേറ്റക്കാരെ വിജയകരമായി  ഇന്ത്യയിലേക്ക്തിരിച്ചയച്ചു. സൈനിക ഗതാഗതം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരമുള്ള നാടുകടത്തലാണിത്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ വ്യക്തമാകുന്നത്," വീഡിയോക്ക് കീഴിലെ കുറിപ്പിൽ പറയുന്നു.


രാത്രിയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. അമേരിക്കൻ പ്രേക്ഷകരിൽ ദേശസ്‌നേഹം ഉയർത്തുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും വീഡിയോയിലുണ്ട്. ഒരു സി-17 ട്രാൻസ്‌പോർട്ട് വിമാനത്തിന്റെ പിൻവാതിൽ തുറക്കുന്നതാണ് വീഡോയോയുടെ തുടക്കം. പിന്നാലെ വിമാനത്തിൽ നടന്നുകയറുന്ന അനധികൃത കുടിയേറ്റക്കാരുടെ ഒരു നീണ്ട നിരയും കാണാം.


ALSO READ: യുഎസ് നാടുകടത്തൽ: "അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം"; നിലപാടറിയിച്ച് എസ്. ജയ്‌ശങ്കര്‍; വിമർശനവുമായി പ്രതിപക്ഷം


വീഡിയോ പുരോഗമിക്കുമ്പോൾ, കുടിയേറ്റക്കാരുടെ കാലുകളിൽ ചങ്ങലകൾ കാണാൻ കഴിയും. കൊടും കുറ്റവാളികളെ, അല്ലെങ്കിൽ യുദ്ധത്തടവുകാരെ പോലെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റുന്നത്. ശേഷം, നിരവധി യുഎസ് സൈനികർ വിമാനത്തിലേക്ക് മാർച്ച് ചെയ്യുന്നു. വിമാനത്തിനുള്ളിലെ ദൃശ്യങ്ങളിൽ, കുടിയേറ്റക്കാരെ സീറ്റുകളിലിരിക്കുന്നതായും കാണാം. 

അതേസമയം കുടിയേറ്റക്കാരുടെ കയ്യിലും കാലിലും വിലങ്ങ് വെച്ച സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി, വിമാനത്തിൽ നാടുകടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ 2012 മുതൽ നിലവിലുള്ളതാണെന്നും വിശദീകരിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. 

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങുവച്ച് കൊണ്ടുവന്നത് അമേരിക്കയുടെ നയമെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പക്ഷം. ശുചിമുറി ഉപയോഗിക്കാൻ വിലങ്ങുകൾ നീക്കം ചെയ്തു നൽകിയിരുന്നു. ഇതാദ്യമായല്ല അമേരിക്ക ആളുകളെ വിലങ്ങുവെച്ച് നാടുകടത്തുന്നത്. ഇതിൽ പുതുമയില്ല. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ജയശങ്കർ, കുടിയേറ്റം നിയമപരമായിരിക്കണമെന്നും കൂട്ടിച്ചേർത്തു.


ALSO READ: അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലെത്തി; നാടുകടത്തപ്പെട്ടവരിൽ യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരും


യുഎസിൽ അനധികൃതമായി പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്തതിന് എല്ലാ വർഷവും നൂറുകണക്കിന് ഇന്ത്യക്കാർ നാടുകടത്തപ്പെടുന്നുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഈ സംഖ്യകൾ 2012ൽ 530ഉം 2019ൽ 2,000ന് മുകളിലുമെത്തിയിരുന്നു. നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.


NATIONAL
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു