പകരത്തിന് പകരം; യുഎസിന് 125 ശതമാനം തിരിച്ചടി താരിഫുമായി ചൈന

ട്രംപിന്‍റെ പ്രതികാര ചുങ്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്
പകരത്തിന് പകരം; യുഎസിന് 125 ശതമാനം തിരിച്ചടി താരിഫുമായി ചൈന
Published on

യുഎസിന്‍റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന. യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്താനാണ് ചൈനയുടെ തീരുമാനം. നാളെ മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരും. യുഎസിന്‍റെ വ്യാപാര നിലപാടിനെതിരെ വേൾഡ് ട്രേഡ് ഓർഗനൈസഷനിൽ പരാതി നൽകുമെന്നും ചൈന അറിയിച്ചു.

യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്ന് 84 ശതമാനമാക്കി ചൈന ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ 145 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്. ട്രംപിന്‍റെ പ്രതികാര ചുങ്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ ചർച്ചകൾക്ക് ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നത്.



യുഎസിന്‍റെ ഏകപക്ഷീയമായ ഭീഷണപ്പെടുത്തലിനെ ചെറുക്കാന്‍ ചൈനയുമായി കൈകോർക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഷി ജിൻപിങ് യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം വന്നിരിക്കുന്നത്. താരിഫ് യുദ്ധത്തില്‍ 'വിജയി' ഉണ്ടാകില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോട് ഷി ജിൻപിങ് പറഞ്ഞിരുന്നു. യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നതാണ് ചൈനയുടെ പൊതുനിലപാട്. ഇക്കാര്യം ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ചർച്ചകള്‍ പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ചൈന വ്യാപാര യുദ്ധത്തിന് തയ്യാറല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവും അറിയിച്ചു.

ജനുവരിയില്‍ യുഎസ് പ്രസിഡന്‍റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വർധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വർധനകൾ. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു.

യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് ട്രംപ് 125 ശതമാനമായി യുഎസ് ഉയർത്തി. ഉടന്‍ ഇത് പ്രബല്യത്തിൽ വരുമെന്നും അറിയിച്ചു. എന്നാല്‍ ചൈനയ്ക്ക് മേലുള്ള താരിഫ് 145 ശതമാനമാണെന്നാണ് വൈറ്റ് ഹൗസില്‍ നിന്നും വരുന്ന വിവരം. ട്രംപിന്റെ 125 ശതമാനം താരിഫിന് പുറമേ ചൈനയ്ക്ക് മേൽ ചുമത്തിയ 20 ശതമാനം ഫെന്റനൈൽ അനുബന്ധ താരിഫും കൂടി കൂട്ടിയാണ് 145 ശതമാനം എന്ന് കണക്കാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നാണ് രാസലഹരി യുഎസിലേക്ക് എത്തുന്നതെന്നും ഇതിന് തടയിടാന്‍ സർക്കാർ ശ്രമിക്കുന്നില്ലെന്നും കാട്ടിയാണ് ഈ 20 ശതമാനം താരിഫ് ചുമത്തിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com