പലസ്തീന്‍ അനുകൂല പ്രതിഷേധം; തടങ്കലിലുള്ള മഹ്‍മൂദ് ഖലീലിനെ നാടുകടത്താമെന്ന് യുഎസ് ജഡ്ജി

ക്യാംപസിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കാണിച്ചാണ് നടപടി
പലസ്തീന്‍ അനുകൂല പ്രതിഷേധം; തടങ്കലിലുള്ള മഹ്‍മൂദ് ഖലീലിനെ നാടുകടത്താമെന്ന് യുഎസ് ജഡ്ജി
Published on

കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ക്യാംപസിൽ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മഹ്‌മൂദ് ഖലീലിനെ നാടുകടത്താമെന്ന് വിധിച്ച് യുഎസ് കോടതി. ലൂസിയാനയിലെ ഇമിഗ്രേഷന്‍ ജഡ്ജാണ് വിധി പ്രസ്താവിച്ചത്. ക്യാംപസിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കാണിച്ചാണ് നടപടി.

'രാജ്യത്ത് ഖലീലിന്റെ സാന്നിധ്യം ഗൗരവമായ വിദേശ നയപ്രത്യാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് യുഎസ് സര്‍ക്കാര്‍ വളരെ കൃത്യവും വ്യക്തവുമായ തെളിവ് നല്‍കിയിട്ടുണ്ട്,' എന്നായിരുന്നു ഇമിഗ്രേഷന്‍ ജഡ്ജ് ജാമീ കോമാന്‍സ് പറഞ്ഞത്.

അതേസമയം, വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴൊക്കെ നിശബ്ദനായിരുന്ന ഖലീല്‍, കോടതി ഉത്തരവ് പറഞ്ഞതിനു പിന്നാലെ സംസാരിച്ചിരുന്നു.

'അവകാശങ്ങളെയും അടിസ്ഥാന ന്യായത്തേക്കാളും പ്രധാനമായി കോടതിക്ക് മറ്റൊന്നും ഇല്ലെന്ന് കഴിഞ്ഞ തവണ നിങ്ങള്‍ പറഞ്ഞതിനെ ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ തത്വങ്ങളൊന്നും ഇന്നോ, ഈ മുഴുവന്‍ പ്രക്രിയയിലോ ഇല്ലായിരുന്നുവെന്ന് ഇന്ന് വ്യക്തമായി. അതുകൊണ്ടാണ് ട്രംപ് ഭരണകൂടം, എന്നെ എന്റെ കുടുംബത്തില്‍ 1000 മൈല്‍ അകലെയുള്ള ഈ കോടതിയിലേക്ക് അയച്ചത്,' ഖലീ പറഞ്ഞു.

മാര്‍ച്ച് എട്ടിനാണ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ഖലീലിനെ അറസ്റ്റ് ചെയ്യുന്നത്. നിയമവിധേയമായി യുഎസില്‍ താമസിച്ച് വരുന്ന ഖലീലിനെ കസ്റ്റഡയിലെടുത്ത ശേഷം ലൂസിയാനയിലേക്കാണ് കൊണ്ടു പോയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നാടുകടത്താന്‍ പോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ അഭിഭാഷകര്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഖലീല്‍ ഒരു തീവ്ര ഹമാസ് അനുകൂലിയാണെന്നും, ഇതുപോലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതവരെ പിടിച്ച് ഒരിക്കലും തിരിച്ചു വരാനാകാത്ത വണ്ണം രാജ്യത്ത് നിന്ന് തിരിച്ചയക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സിറിയയില്‍ വളര്‍ന്ന പലസ്തീന്‍ അഭയാര്‍ഥിയാണ് മഹ്‌മൂദ് ഖലീല്‍. യുഎസില്‍ ക്യാംപസുകളില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത് കൊളംബിയ യൂണിവേഴ്‌സിറ്റിയായിരുന്നു. ഇതിന്റെ അലയൊലികള്‍ യുഎസില്‍ മറ്റു പല ക്യാംപസുകളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com