fbwpx
പ്രവചിച്ചത് കമല ഹാരിസ് പ്രസിഡൻ്റാകുമെന്ന്; 'ജൂനിയർ നോസ്ട്രഡാമസി'ന് വീണ്ടും അടിതെറ്റി!
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Nov, 2024 02:13 PM

തികച്ചും വ്യത്യസ്തമായ രീതിയിലൂടെയാണ് ലിച്ച്മാൻ യുഎസ് തെരഞ്ഞെടുപ്പ് വിജയിയെ കണ്ടെത്തുന്നത്

US ELECTION


യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ കമല ഹാരിസിൻ്റെ പതനം കാണാൻ കാത്തിരുന്ന കൺസർവേറ്റീവുകൾ ആഗ്രഹിച്ചൊരു ദിവസമാണ് വന്നെത്തിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതോടെ, യുഎസിലും ലോകത്തിലും സംഭവിക്കാൻ പോകുന്ന വരും വരായ്കകളെ ഉറ്റുനോക്കുകയാണ് ലോകം. എന്നാൽ, കമലയുടെ പതനത്തോടെ മറ്റൊരു ചോദ്യം കൂടി ഉയർന്നുവന്നിരിക്കുകയാണ്. അമേരിക്കൻ ജൂനിയർ നോസ്ട്രഡാമസ്, അലൻ ലിച്ച്മാനും അടിതെറ്റിയോ? 1981 മുതൽ പതിനൊന്ന് തവണ തുടർച്ചയായി യുഎസ് തെരഞ്ഞെടുപ്പിൽ പ്രവചനം നടത്തിയ ലിച്ച്മാൻ്റെ പ്രവചനം പാളി പോകുന്നത് ഇത് രണ്ടാം തവണയാണ്. 

നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന സർവേ ഫലങ്ങളൊക്കെയും, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുമെന്ന് പ്രവചിച്ചു. പല സർവേകളും സ്ഥാനാർഥികൾക്ക് നേരിയ മുൻതൂക്കമെന്നും പ്രവചിച്ചു. എന്നാൽ, അമേരിക്കയുടെ ജൂനിയർ നോസ്ട്രഡാമസിന് വിഷയത്തിൽ ആശയക്കുഴപ്പമേതും ഉണ്ടായില്ല. ഇക്കുറി അമേരിക്ക കമല ഹാരിസിനൊപ്പമാണ് എന്നായിരുന്നു അലൻ ലിച്ച്മാൻ അടിവരയിട്ട് പറഞ്ഞത്.

അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ചരിത്രകാരനുമായ അലൻ ലിച്ച്മാൻ, കാലാകാലങ്ങളായി ഇത്തരത്തിൽ പ്രവചനം നടത്തുന്നത് വെറുമൊരു ഊഹത്തിൻ്റെ പുറത്തോ, സർവേ ഫലങ്ങൾ നിരത്തിയോ ഒന്നുമല്ല. തികച്ചും വ്യത്യസ്തമായ രീതിയിലൂടെയാണ് ലിച്ച്മാൻ യുഎസ് തെരഞ്ഞെടുപ്പ് വിജയിയെ കണ്ടെത്തുന്നത്. എന്നാൽ, ഇക്കുറിയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജൂനിയർ നോസ്ട്രഡാമസിന് ഒരു തവണ കൂടി പിഴച്ചെന്നാണ്.


ALSO READ: യുഎസ് തെരഞ്ഞെടുപ്പ് ഫലം: LIVE UPDATES | കരുത്ത് കാട്ടി ട്രംപ്, കമലയ്ക്ക് കാലിടറുന്നുവോ?


ലിച്ച്മാൻ്റെ പ്രവചനരീതി

രാജ്യത്തിൻ്റെ അവസ്ഥ, പാർട്ടികൾ, രാഷട്രീയാന്തരീക്ഷം, സ്ഥാനാർഥികൾ എന്നിവയെക്കുറിച്ചുള്ള 13 ശരി അല്ലെങ്കിൽ തെറ്റ് പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള 'വൈറ്റ് ഹൗസിലേക്കുള്ള പതിമൂന്ന് താക്കോലുകൾ' എന്ന സംവിധാനമാണ് ലിച്ച്മാൻ തെരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. പതിമൂന്നിൽ എട്ട് താക്കോലുകൾ കമലയ്ക്ക് അനുകൂലമെന്നാണ് ലിച്ച്മാൻ ഇക്കുറിയിലെ തെരഞ്ഞെടുപ്പ് വിജയിയെന്ന് കമല ഹാരിസിനെ പ്രവചിച്ചുകൊണ്ട് പറഞ്ഞത്. വൈറ്റ് ഹൗസിലേക്കുള്ള പതിമൂന്ന് താക്കോലുകൾ എന്ന പേരിൽ ലിച്ച്മാൻ സ്വന്തമായി ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.


ലിച്ച്മാൻ്റെ പ്രവചന റെക്കോർഡുകൾ

1984 മുതൽ തെരഞ്ഞെടുപ്പ് പ്രവചന രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള അലൻ ലിച്ച്മാൻ, ഇതിന് മുൻപുള്ള പത്ത് തെരഞ്ഞെടുപ്പുകളിലെ പ്രവചനങ്ങളിൽ ഒൻപത് എണ്ണവും തൻ്റെ വേറിട്ട പ്രവചനരീതി കൊണ്ട് കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 2000ത്തിലെ തെരഞ്ഞെടുപ്പിൽ ജോർജ് ബുഷും, അൽ ഗോറും മത്സരിച്ച തെരഞ്ഞെടുപ്പിൽ ജോർജ് ബുഷ് വിജയിയായപ്പോൾ മാത്രമാണ് അലൻ ലിച്ച്മാൻ്റെ പ്രവചനം പാളി പോയിട്ടുള്ളത്. അതിനുശേഷം ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ലിച്ച്മാൻ്റെ പ്രവചനം പാളി പോകുന്നത്.


KERALA
പാലോട് നവവധുവിന്‍റെ മരണം: പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും