ഹോളിവുഡ് ചലച്ചിത്ര വ്യവസായം അതിവേഗത്തില്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ട്രംപിന്റെ വാദം.
വിദേശ രാജ്യങ്ങളില്‍ നിര്‍മിച്ച ചിത്രങ്ങള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാക്കളെ ആകര്‍ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ ചെയ്യുന്ന പ്രോത്സാഹനങ്ങള്‍ കാരണം ഹോളിവുഡ് ചലച്ചിത്ര വ്യവസായം അതിവേഗത്തില്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ട്രംപിന്റെ വാദം.
കൊമേഴ്‌സ് ഡിപാര്‍ട്ട്‌മെന്റും യുഎസ് വ്യാപാര പ്രതിനിധികളും ഉടന്‍ തന്നെ ഇത്തരത്തിലുള്ള താരിഫ് ചുമത്തുന്ന നടപടികൾ ആരംഭിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരിക്കുന്നത്. ''നമുക്ക് അമേരിക്കയില്‍ നിര്‍മിക്കുന്ന സിനിമകള്‍ ഇനിയും വേണ''മെന്നും ട്രംപ് പോസ്റ്റില്‍ കുറിക്കുന്നു.
ALSO READ: യുക്രെയ്‌നിൽ ആണവായുധങ്ങൾ പ്രയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല: വ്ളാഡിമിർ പുടിൻ
കൊമേഴ്‌സ് സെക്രട്ടറി ലൂട്ട്‌നികോയോ ട്രംപോ താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും തന്നെ പങ്കുവെച്ചിട്ടില്ല. വിദേശത്തും അമേരിക്കയിലും സിനിമകള്‍ നിര്‍മിക്കുന്ന നിർമാണ കമ്പനികളെയാണോ ഇത് ലക്ഷ്യമിടുന്നത് എന്ന കാര്യവും വ്യക്തമല്ല.
ലോസ് ആഞ്ചലസിലെ ഫിലിംഎൽ.എ (FilmLA) റിപ്പോര്‍ട്ട് പ്രകാരം ഒരു ദശാബ്ദമായി പ്രദേശത്തെ സിനിമ-ടെലിവിഷന്‍ പ്രൊഡക്ഷന്‍ 40 ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ആഗോള തലത്തില്‍ താരിഫ് വര്‍ധിപ്പിക്കുകയും ഇത് ചൈനയുമായി നേരിട്ടുള്ള താരിഫ് യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുകൂടിയുള്ള ട്രംപിന്റെ ഇടപെടല്‍.
ആഗോള തലത്തില്‍ ട്രംപ് പ്രഖ്യാപിച്ച താരിഫ് ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രതികാര താരിഫിന് മറുപടിയായി രാജ്യത്ത് എത്തുന്ന ഹോളിവുഡ് സിനിമകളുടെ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടും നേരത്തെ ചൈന ഉത്തരവിട്ടിരുന്നു. 125 ശതമാനം എന്ന പ്രതികാര താരിഫിന് മറുപടിയായാണ് ചൈനയില്‍ ഹോളിവുഡ് സിനിമകളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.