അമേരിക്കക്ക് സൗദി അറേബ്യയേക്കാൾ വലിയ സഖ്യകക്ഷിയില്ലെന്നായിരുന്നു ഡൊണാൾഡ് ട്രംപ് സൗദിയിലെത്തിയ ശേഷം ആദ്യം പ്രതികരിച്ചത്.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് നാല് ദിവസം നീണ്ടുനിന്ന മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കി അമേരിക്കയിലേക്ക് മടങ്ങി. ബില്യണുകളുടെ നിക്ഷേപം ഉറപ്പാക്കാൻ ട്രംപിന് സാധിച്ചെങ്കിലും പ്രധാന സമാധാന കരാറുകളിൽ പ്രഖ്യാപനങ്ങളുണ്ടായില്ല. സൗദി അറേബ്യ, ഖത്തർ. യുഎഇ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ട്രംപ് ഇസ്രയേൽ സന്ദർശിക്കാതിരുന്നതും ശ്രദ്ധേയമായി.
നാല് ദിവസം, മൂന്ന് രാജ്യങ്ങൾ, ബില്യണുകളുടെ നിക്ഷേപം. മേഖലയുമായുള്ള അമേരിക്കയുടെ ജിയോ പൊളിറ്റിക്കൽ മാറ്റത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകൾ ഒഴിച്ചാൽ പ്രസിഡൻ്റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിൻ്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു മധേഷ്യയിലേത്.
ബില്യണുകളുടെ നിക്ഷേപമാണ് സന്ദർശനത്തിലൂടെ അമേരിക്കൻ പ്രസിഡൻ്റിന് ഉറപ്പിക്കാനായത്. 60,000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി ഇതിനകം പ്രഖ്യാപിച്ചത്. ഇത് ലക്ഷം കോടി ഡോളറായി വർധിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്. അമേരിക്കക്ക് സൗദി അറേബ്യയേക്കാൾ വലിയ സഖ്യകക്ഷിയില്ലെന്നായിരുന്നു ഡൊണാൾഡ് ട്രംപ് സൗദിയിലെത്തിയ ശേഷം ആദ്യം പ്രതികരിച്ചത്.
റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് ഫോറം ഉച്ചകോടിയുടെ സമാപന സെഷനിൽ വെച്ച് സിറിയക്കെതിരെയുള്ള ഉപരോധം നീക്കുന്നതായുള്ള ട്രംപിൻ്റെ പ്രഖ്യാപനം. ഇത് ഡൊണാൾഡ് ട്രംപിൻ്റെയും സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ഷരായുടെയും കൂടിക്കാഴ്ചക്കും വഴിയൊരുങ്ങി. ഷരാ ചെറുപ്പക്കാരനായ ചുറുചുറുക്കുള്ള നേതാവാണെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
Also Read;ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ 146 മരണം, ആശങ്ക പങ്കുവെച്ച് യുഎൻ
1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ വാഗ്ദാനം. നിലവിലുള്ളതും പുതിയ പദ്ധതികളും ഉൾക്കൊള്ളുന്നതാണ് ഈ യുഎഇ നിക്ഷേപം. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ യുഎഇയെ പങ്കാളിയാക്കാൻ അമേരിക്ക തീരുമാനിച്ചു. കൂടാതെ അമേരിക്കയ്ക്കു പുറത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ക്യാംപസ് അബുദാബിയിൽ നിർമിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് യുഎസ് – യുഎഇ സഹകരണത്തിന്റെ നേർസാക്ഷ്യമായിരിക്കുമിത്.
ഇസ്രയേൽ - ഗാസ യുദ്ധത്തിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായില്ല. സന്ദർശനത്തിൽ നിന്ന് ഇസ്രയേലിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി. അമേരിക്കയും - ഇസ്രയേലും തമ്മിലുള്ള ഉഴലുന്ന ബന്ധത്തെ തുടർന്നാണ് ഇസ്രയേൽ സന്ദർശനം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ഇതേ സമയം ഇറാനുമായും ഹൂതികളുമായും ചർച്ചകൾ നടക്കുകയും ചെയ്തു. ട്രംപിൻ്റെ സന്ദർശനത്തിന് മുന്നോടിയായാണ് ഹമാസ്, ഇസ്രയേൽ ബന്ദിയെ മോചിപ്പിച്ചത്.
നാല് ദിവസം നീണ്ടുനിന്ന ട്രംപിൻ്റെ സന്ദർശനവേളയിൽ ഉടനീളം ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഒരാഴ്ചക്കിടെ മൂന്നിറിലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയിൽ നടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ സമാധാന ചർച്ചകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും, പുടിനും സെലൻസ്കിയും വിട്ടുനിന്നതോടെ മധ്യേഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്.