ജൂതവിരുദ്ധതയെ ചെറുക്കുന്ന നിലപാട് മാറ്റിയില്ല; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് ട്രംപ്

ജൂതവിരുദ്ധതയെ ചെറുക്കുന്ന നിലപാട് മാറ്റിയില്ല; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് ട്രംപ്

ട്രംപ് ഭരണകൂടത്തിൻ്റെ നയമാറ്റ സമ്മർദത്തെ ധിക്കരിക്കുന്ന ആദ്യത്തെ യുഎസ് സർവകലാശാലയാണിത്
Published on

ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ മരവിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നയങ്ങൾ മാറ്റണമെന്ന യുഎസ് നിർദേശം തള്ളിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ വിദ്യാഭ്യാസ വകുപ്പാണ് സർവകലാശാലയ്ക്ക് നേരെ നടപടിയെടുത്തത്. ട്രംപ് ഭരണകൂടത്തിൻ്റെ നയങ്ങളിൽ മാറ്റം വരുത്താനുള്ള സമ്മർദത്തെ ധിക്കരിക്കുന്ന ആദ്യത്തെ യുഎസ് സർവകലാശാലയാണിത്.

ജൂതവിരുദ്ധതയെ ചെറുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് അവകാശപ്പെടുന്ന ഹാർവാർഡ് സർവകലാശാലയുടെ ഭരണനിർവഹണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ, എന്നിവയുൾപ്പെടെയുള്ളവയുടെ കാര്യത്തിൽ മാറ്റം ആവശ്യമാണെന്ന് അറിയിച്ച് കൊണ്ട് വൈറ്റ് ഹൗസിൽ നിന്ന് കത്തയച്ചിരുന്നു. എന്നാൽ അവ നിരസിച്ചതായി വൈറ്റ് ഹൗസിനെ അറിയിച്ചെന്നും, അവർ നമ്മുടെ സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും, സർവകലാശാല അധികൃതർ വ്യക്തമാക്കി.

"ഞങ്ങൾക്ക് ലഭിച്ച നിയമോപദേശ പ്രകാരം അവരുടെ നിർദിഷ്ട കരാർ ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങളുടെ അഭിപ്രായം ഞങ്ങൾ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. സർവകലാശാല അതിന്റെ സ്വാതന്ത്ര്യമോ, ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കില്ല",അവർ കൂട്ടിച്ചേർത്തു. ഇത് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വൈറ്റ് ഹൗസിൽ നിന്ന് അറിയിപ്പ് പുറത്തുവിട്ടത്. ഹാർവാർഡിനുള്ള 2.2 ബില്യൺ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യൺ ഡോളറിന്റെ കരാറുകളും ഉടൻ മരവിപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com