ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ, ഉപരോധം; കൊളംബിയയ്ക്കെതിരെ കർശന നടപടികളുമായി ട്രംപ്

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ കൊളംബിയൻ പൗരന്മാരെ തിരികെയെത്തിക്കുന്ന വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്
ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ, ഉപരോധം; കൊളംബിയയ്ക്കെതിരെ കർശന നടപടികളുമായി ട്രംപ്
Published on


അനധികൃത കുടിയേറ്റത്തിൽ കൊളംബിയക്കെതിരെ കർശന നടപടികളുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊളംബിയൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ വർധിപ്പിക്കുമെന്നും ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ കൊളംബിയൻ പൗരന്മാരെ തിരികെയെത്തിക്കുന്ന വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.


ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ യുഎസ് വ്യാപാര പങ്കാളിയാണ് കൊളംബിയ. എന്നാൽ ഇത് പരിഗണിക്കാതെ കൊളംബിയക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കൊളംബിയക്കെതിരെ ഉടനടി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തും. ഒരാഴ്ചക്കുള്ളിൽ ഇത് 50 ശതമാനമാക്കി ഉയർത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തി. അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെടേണ്ട രണ്ട് സൈനിക വിമാനങ്ങൾക്കാണ് കൊളംബിയ, ലാൻഡിങ് അനുമതി നിഷേധിച്ചത്.

കൊളംബിയൻ പ്രസിഡൻ്റിൻ്റെ നടപടി ദേശിയ സുരക്ഷയെ ബാധിക്കുന്നതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യാത്രാ നിരോധനം, കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കൽ, സാമ്പത്തിക ഉപരോധം ഉൾപ്പടെയുളള നടപടികളാണ് ട്രംപ് ഭരണകൂടം കൊളംബിയക്കെതിരെ സ്വീകരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്ന് പറഞ്ഞ ട്രംപ് അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.

അമേരിക്കയിൽ നിന്ന് ബ്രസീലിയൻ പൗരന്മാരെ വിലങ്ങ് ധരിപ്പിച്ച് തിരികെയെത്തിച്ചതിൽ ബ്രസീൽ നീരസം പരസ്യമാക്കിയിരുന്നു. മൗലിക അവകാശങ്ങളോടുള്ള അനാദരവെന്നായിരുന്നു ബ്രസീലിയൻ നീതിന്യായ മന്ത്രിയുടെ പ്രതികരണം. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച പ്രസിഡൻ്റ് ഗസ്താവോ പെട്രോ, കൊളംബിയൻ പൗരന്മാരെ സിവിലിയൻ വിമാനങ്ങളിൽ തിരികെയെത്തിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

കൊളംബിയയിൽ അനധികൃതമായി താമസിക്കുന്ന അമേരിക്കൻ പൗരന്മാരോട് പോലും ഇത്തരത്തിലൊരു നടപടിയെടുക്കില്ലെന്നും പെട്രോ നിലപാട് വ്യക്തമാക്കി. സമാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെക്സിക്കോയും യുഎസ് വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ചിരുന്നു. ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്കും അധിക നികുതി ഏർപ്പെടുത്തുമെന്നും കൊളംബിയൻ പ്രസിഡൻ്റും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com