ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്, മെക്സിക്കോയില്‍ മതില്‍, WHOയില്‍ നിന്ന് പിന്മാറ്റം, LGBTQ+ എന്നൊന്നില്ല; പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം ദിന ഉത്തരവുകള്‍

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നടത്തിയ നയപ്രഖ്യാപനങ്ങളെല്ലാം അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ നടപ്പിൽവരുത്താനാണ് ട്രംപിന്‍റെ നീക്കം
ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്, മെക്സിക്കോയില്‍ മതില്‍, WHOയില്‍ നിന്ന് പിന്മാറ്റം, LGBTQ+ എന്നൊന്നില്ല; പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം ദിന ഉത്തരവുകള്‍
Published on

യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത് ഏകദേശം 200 എക്സിക്യൂട്ടീവ് നടപടികളിലും മെമ്മോറാണ്ടങ്ങളിലും പ്രഖ്യാപനങ്ങളിലുമാണ്. സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ കാപ്പിറ്റോളിൽ വച്ച് തന്റെ ആദ്യ രേഖകളിൽ ട്രംപ് ഒപ്പുവച്ചു. കാബിനറ്റ്- സബ് കാബിനറ്റ് അം​ഗങ്ങൾ, വകുപ്പുകളുടെയും ഏജൻസികളുടെയും അധികാരികൾ എന്നിവരുടെ നിയമന ഉത്തരവായിരുന്നുവത്. തുടർന്ന് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മരണശേഷം പകുതി താഴ്ത്തിയ പതാകകൾ പൂർണമായും ഉയർത്തണമെന്ന് പ്രഖ്യാപിച്ചു. അവിടെയും അവസാനിച്ചില്ല. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്നും, ട്രാന്‍സ്‌ജെന്‍ഡർ അവകാശങ്ങളെടുത്തുമാറ്റുമെന്നും, കാപിറ്റോള്‍ ആക്രമണക്കേസ് പ്രതികളെ മോചിപ്പിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ച ട്രംപ് ഉത്തരവുകൾ ഒരോന്നായി ഒപ്പുവച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നടത്തിയ നയപ്രഖ്യാപനങ്ങളെല്ലാം അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ നടപ്പിൽവരുത്താനാണ് ട്രംപിന്‍റെ നീക്കം. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, അതേവേദിയില്‍വെച്ചുതന്നെ ജോ ബെെഡന്‍ സർക്കാരിന്‍റെ 78 എക്സിക്യൂട്ടീവ് ഉത്തരവുകളാണ് തള്ളിയത്.

ജനുവരി 6 ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്

വൈറ്റ് ഹൗസിൽ എത്തിയ ട്രംപ് ആദ്യം ഒപ്പിട്ടത്, 2021 ജനുവരി 6 ലെ ക്യാപിറ്റോൾ ആക്രമണത്തിൽ ഉൾപ്പെട്ട ഏകദേശം 1,500 പേർക്ക് 'പൂർണ്ണ മാപ്പ്' നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലായിരുന്നു. ജനുവരി 6 ലെ ചില കേസുകളിൽ ഇപ്പോഴും അന്വേഷണം നടക്കുന്നതിനാൽ അവയ്ക്ക് തൽക്കാലത്തേക്ക് പൂർണമായും മാപ്പ് ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.

മെക്സിക്കന്‍ മതില്‍- കുടിയേറ്റം-പൗരത്വം

മെക്‌സിക്കന്‍ അതിർത്തി വഴിയുള്ള കുടിയേറ്റത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം കൊണ്ടാണ് ട്രംപ് നേരിടാനൊരുങ്ങുന്നത്. ആദ്യപടിയെന്ന നിലയില്‍ യുഎസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാർ ആശ്രയിക്കുന്ന സിബിപി വണ്‍ എന്ന പോർട്ടലിന്‍റെ പ്രവർത്തനം തന്നെ അവസാനിപ്പിച്ചു. കുടിയേറ്റ നിയന്ത്രണത്തിന് ടാസ്ക് ഫോഴ്സിനെ നിയമിക്കുകയും യുഎസ് സൈന്യത്തിൻ്റെയും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സാന്നിധ്യം ശക്തമാക്കുകയും ചെയ്യും. കൂട്ടനാടുകടത്തലുണ്ടാകുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിലേക്കുള്ള ആദ്യചുവടായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളുടെ കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം നൽകുന്നത് നിർത്താനും ട്രംപ് ഫെഡറൽ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഇതുവഴി, യുഎസിന്‍റെ മണ്ണിൽ ജനിച്ചവർക്ക്, അവരുടെ മാതാപിതാക്കളുടെ കുടിയേറ്റ പദവി പരിഗണിക്കാതെ, പൗരത്വത്തിനുള്ള അവകാശം നൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതി പുനർ വ്യാഖ്യാനം ചെയ്യപ്പെടുകയാണ്.

യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമാണം പുനരാരംഭിക്കാനും ട്രംപ് ഉദ്യോഗസ്ഥർകർക്ക് നിർദേശം നൽകി. ആദ്യ ഭരണകാലത്ത് ട്രംപിന്റെ പിന്തുണയോടെ ആരംഭിച്ച കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സർക്കാർ പദ്ധതിയാണിത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പദ്ധതി നിർത്തിവച്ചിരുന്നു. 2017 നും 2021 ജനുവരി നും ഇടയിൽ ട്രംപിന്റെ ഭരണകാലത്ത് തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഏകദേശം 450 മൈലിലാണ് മതിൽ നിർമിച്ചത്.

ഇനി ആണും പെണ്ണും മാത്രം

തീവ്രയാഥാസ്ഥിതിക അനുകൂലികള്‍ക്കിടയില്‍ വലിയ ആരവമുണ്ടാക്കിയ ട്രംപിന്‍റെ മറ്റൊരു പ്രഖ്യാപനം ലെെംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായാണ്. എൽജിബിറ്റിക്യു പ്ലസ് (LGBTQ+) വിഭാഗങ്ങളുടെ അവകാശങ്ങളിലാണ് നയവ്യത്യാസം വന്നിരിക്കുന്നത്. രാജ്യത്ത് ആണും പെണ്ണുമായി രണ്ട് ലെെംഗികവിഭാഗങ്ങളെയുള്ളൂ എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം, ട്രാൻസ്ജെൻഡർ സ്ത്രീകളെ വനിതാ കായിക വിഭാഗങ്ങളിൽ നിന്നു പുറത്താക്കുമെന്നാണ് പ്രഖ്യാപനം. 'ക്രോമസോം നിർവചനം' എന്നതിന് വിപരീതമായി "പ്രത്യുൽപാദന പ്രവർത്തനം" വഴിയാകും ഇനി ലിംഗം നിർണയിക്കപ്പെടുക.

വൈവിധ്യം, തുല്യത, ഉൾച്ചേരല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന എല്ലാ നയങ്ങളും പരിപാടികളും അവസാനിപ്പിക്കുന്നതിന് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാന്‍ മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസിനോട് ട്രംപ് നിർദേശവും നല്‍കി.

അന്താരാഷ്ട്ര സംഘടനകള്‍, ഉടമ്പടികള്‍ എന്നവയില്‍ നിന്ന് പിന്മാറുന്നു

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് യുഎസിനെ പിൻവലിക്കുന്ന എക്സിക്യൂട്ടീവ് നടപടിയിലും പ്രസിഡന്റ് ഒപ്പുവച്ചു. ഉടമ്പടിയെ 'അന്യായവും' 'ഏകപക്ഷീയവും' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തന്റെ ആദ്യ ടേമിൽ പാരിസ് കാലാവസ്ഥാ കരാറുകളിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു. എന്നാൽ പിന്നാലെ വന്ന ജോ ബൈഡൻ ഈ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

ലോകാരോ​ഗ്യ സംഘടനയിൽ നിന്നും യുഎസ് പിന്മാറി. കോവിഡ് 19 മഹാമാരിക്കാലത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സംഘടനയുടെ പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നില്ല എന്ന് ആരോപിച്ചാണ് പിന്മാറ്റം. അംഗത്വം പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. 2020 ലും ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പിന്മാറാന്‍ ട്രംപ് ശ്രമം നടത്തിയിരുന്നു. യുഎസ് പിന്‍മാറിയാല്‍ സംഘടനയുടെ ഫണ്ടിംഗ് അഞ്ചിലൊന്നായി കുറയും.


ആഭ്യന്തര പ്രശ്നങ്ങളിലും വിദേശനയത്തിലും ബെെഡന്‍ സർക്കാർ പരാജയപ്പെട്ടു എന്ന് വിമർശിക്കുന്ന ട്രംപ്, തന്‍റെ ആദ്യദിനങ്ങളില്‍ തന്നെ സുപ്രധാന തീരുമാനങ്ങള്‍ വിദേശനയത്തിലും കെെകൊണ്ടേക്കുമെന്നാണ് സൂചന. അതേസമയം, ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതും ബന്ദിമോചനം ആരംഭിച്ചതും ടിക് ടോക്കിൻ്റെ തിരിച്ചുവരവും ഇതിനകം തന്നെ വിജയത്തുടക്കമായാണ് ട്രംപ് അനുകൂലികള്‍ വാദിക്കുന്നത്. ഇനിയും ഈ ദിനം അവസാനിച്ചിട്ടില്ല. ട്രംപിന്റെ ഉത്തരവുകളും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com