
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ക്യാമ്പെയ്നിനിടെ 540 മില്യൺ ഡോളർ സമാഹരിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസ്. ഡൊണാൾഡ് ട്രംപിനെതിരായ മത്സരം വാശിയോടെ മുന്നോട്ട് പോകവെയാണ് കമല 500 മില്യൺ എന്ന നേട്ടം മറികടന്നത്. ജോ ബൈഡന് പകരം ഇന്ത്യൻ വംശജയായ കമല സ്ഥാനാർഥിത്വത്തിലേക്ക് കടന്നുവന്നതോടെ ആവേശകരമായ പ്രതികരണമാണ് രാജ്യത്ത് ലഭിക്കുന്നത്.
കഴിഞ്ഞയാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിൽ ഹാരിസും വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി മിനസോട്ട ഗവർണർ ടിം വാൾസും നാമനിർദേശം ചെയ്യപ്പെട്ടതോടെ സംഭാവനകളിൽ കുതിച്ചുചാട്ടം ഉണ്ടെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ പ്രചരണത്തിൽ ഓഗസ്റ്റ് തുടക്കത്തിൽ 327 മില്യൺ ഡോളർ പണം ലഭിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ എതിർ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ കമല ഹാരിസ് ആഞ്ഞടിച്ചിരുന്നു. ട്രംപ് വിജയിച്ചു കഴിഞ്ഞാൽ അയാൾക്ക് ലഭിക്കുന്ന പ്രസിഡൻ്റ് സ്ഥാനം ഉപയോഗിച്ച് അയാൾ രാജ്യത്തെ പുറകോട്ട് വലിക്കുമെന്നായിരുന്നു കമല ഹാരിസിൻ്റെ പ്രധാന വിമർശനം.
"ട്രംപ് രാജ്യത്തിൻ്റെ ഭാവി സുരക്ഷിതമാക്കാനല്ല, മറിച്ച് സ്വന്തം ഭാവി സുരക്ഷിതമാക്കാനാണ് ശ്രമിക്കുക. ട്രംപ് ഒരു കാര്യഗൗരവവുമില്ലാത്ത ആളാണ്. ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരികെ എത്തിക്കുന്നതിന്‍റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും," കമല ഹാരിസ് പറഞ്ഞു.