"ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് ഇടപെടില്ല"; നിലപാട് വ്യക്തമാക്കി ജെ.ഡി. വാന്‍സ്

വിദേശ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിന്ന് യുഎസ് ‍ പിന്മാറണമെന്ന ഡൊണാൾഡ് ട്രംപിന്റെ വിദേശനയവുമായി പൊരുത്തപ്പെടുന്ന പരാമർശങ്ങളാണ് വാൻസും നടത്തിയിരിക്കുന്നത്
ജെ.ഡി. വാൻസ്
ജെ.ഡി. വാൻസ്
Published on

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് ഇടപെടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള പോരാട്ടത്തില്‍ "അടിസ്ഥാനപരമായി തങ്ങൾക്ക് കാര്യമില്ല" എന്ന് വാൻസ് വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാൻ യുഎസ് ശ്രമിക്കുമെന്നും എന്നാൽ ഇരുപക്ഷത്തെയും "ആയുധം താഴെ വയ്ക്കാൻ" നിർബന്ധിക്കാൻ കഴിയില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് വൈസ് പ്രസിഡന്റ് അറിയിച്ചു.


"കുറച്ചുകൂടി സംഘർഷത്തിന്റെ തീവ്രത കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയുടെ നിയന്ത്രണ ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്തതുമായ ഒരു യുദ്ധത്തിന്റെ മധ്യത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല," വാൻസ് അഭിമുഖത്തിനിടെ പറഞ്ഞു. ഇരു പക്ഷത്തെയും ആയുധം താഴെവയ്ക്കാൻ നിർബന്ധിക്കാൻ യുഎസിന് കഴിയാത്തതിനാൽ, നയതന്ത്ര മാർഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും വാൻസ് കൂട്ടിച്ചേർത്തു.

വിദേശ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിന്ന് യുഎസ് ‍ പിന്മാറണമെന്ന ഡൊണാൾഡ് ട്രംപിന്റെ വിദേശനയവുമായി പൊരുത്തപ്പെടുന്ന പരാമർശങ്ങളാണ് വാൻസും നടത്തിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ വിഷയത്തിലും സമാനമായ നിലപാടാണ് യുഎസ് സ്വീകരിച്ചത്. ഇരുപക്ഷത്തെയും നേരിട്ട് ചർച്ചകൾക്ക് പ്രേരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് യുഎസ് പിന്മാറാൻ തയ്യാറാണെന്ന് ട്രംപും വാൻസും മുന്നറിയിപ്പ് നൽകിയിരുന്നു.



യുഎസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ സംസാരിച്ചിരുന്നു. സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്നാണ് ആശയവിനിമയത്തിനു ശേഷം ജയ്‌ശങ്കർ പ്രതികരിച്ചത്. സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോടും മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ പാകിസ്ഥാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഷഹ്ബാസ് ഷെരീഫുമായുള്ള ഫോൺ സംഭാഷണത്തിൽ റൂബിയോ ആവർത്തിച്ചതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പാകിസ്ഥാൻ ഇന്ത്യാ സംഘർഷം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനിൽ പ്രത്യാക്രമണം നടത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ 12ൽ അധികം ന​ഗരങ്ങളും കറാച്ചി തുറമുഖവും ഇന്ത്യയുടെ വ്യോമ-നാവിക സേനകൾ ആക്രമിച്ചതായാണ് റിപ്പോ‍ർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com