ബിജെപി സർക്കാർ വന്ന ശേഷം മാഫിയാബന്ധമുള്ള 222 പേർ കൊല്ലപ്പെട്ടെന്നും 930 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
യുപിയുടെ എട്ട് വർഷത്തെ ലോ ആൻഡ് ഓർഡർ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ക്രമസമാധാന പ്രശ്നം വലിയ തോതിൽ അടിച്ചമർത്തിയെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. ബിജെപി സർക്കാർ വന്ന ശേഷം മാഫിയാബന്ധമുള്ള 222 പേർ കൊല്ലപ്പെട്ടെന്നും 930 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 92 പേജുള്ള പ്രോഗ്രസ് റിപ്പോർട്ടാണ് യോഗി അവതരിപ്പിച്ചത്.
"2017 നും 2025 നുമിടെ സംസ്ഥാത്തുണ്ടായ പൊലീസ് ഏറ്റുമുട്ടലുകളിൽ 8,118 പേർക്ക് പരിക്കേറ്റു. മാഫിയാ നേതാക്കളും ഗുണ്ടകളുമായി 222 പേർ കൊല്ലപ്പെട്ടു. 930 പേർക്കെതിരെ ദേശസുരക്ഷാനിയമപ്രകാരം കേസെടുത്തു", യോഗി വ്യക്തമാക്കി. എട്ട് കൊലത്തിനുള്ളിൽ ക്രിമിനൽ പശ്ചാത്തലമുള്ള 79,984 പേർക്കെതെിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തെന്ന് യോഗി പറഞ്ഞു.
മാഫിയാസംഘത്തിൻ്റെയും ഗുണ്ടാനേതാക്കളുടേയും ബിനാമികളുടേതുമായി 4,076 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 27,178 വനിതാ ഉദ്യോഗസ്ഥരടക്കം 2,16,450 പൊലീസുദ്യോഗസ്ഥരെ സർക്കാർ പുതിയതായി നിയമിച്ചു. 2022 ഭരണത്തുടർച്ച ലഭിച്ചത് സർക്കാരിൻ്റെ ഇടപെടലിന് ഉദാഹരണമാണെന്നും യോഗി വ്യക്തമാക്കി. 92 പേജുള്ള പ്രോഗ്രസ് കാർഡാണ് യുപി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പുറത്തിറക്കിയത്.
ALSO READ: 'ഏതൊരു പ്രവൃത്തിക്കും തിരിച്ചടിയുണ്ടാകും'; കുനാല്‍ കമ്രയ്‌ക്കെതിരെ ഏക്‌നാഥ് ഷിന്‍ഡേ
പ്രോഗ്രസ് കാർഡിനെ വിമർശിച്ച് സമാജ് വാദി പാർട്ടി രംഗത്തെത്തി. ബലാത്സംഗക്കേസുകൾ വർധിച്ചതും ഏറ്റുമുട്ടൽ കൊലകളുമാണോ ഭരണനേട്ടമെന്ന് അഖിലേഷ് യാദവ് ചോദിച്ചു. എന്നാൽ എല്ലാദിവസവും വാർത്തകളിൽ നിറയുന്നത് ബലാത്സംഗക്കേസുകളും ഏറ്റുമുട്ടൽ കൊലകളും ജാതിക്കൊലകളുമാണ്. ഇതാണോ ബിജെപിയുടെ ഭരണനേട്ടമെന്നായിരുന്നു പ്രോഗ്രസ് കാർഡിനെ വിമർശിച്ചുള്ള അഖിലേഷ് യാദവിൻ്റെ പ്രതികരണം. സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലകളും ബലാത്സംഗക്കേസുകളും വർധിക്കുകയാണ്.
മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ലഖ്നൗവിൽ അതേദിവസം ഒരു കൊച്ചുപെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. യുപിയിലെ ബല്ലിയയിൽ പെൺകുട്ടിയെ കൊന്ന് കൈകൾ പുറകിലേക്ക് കെട്ടിയ ശേഷം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയതും ഇതേദിവസമാണ്. എന്നാൽ അക്രമങ്ങളോട് സീറോ ടോളറൻസ് എന്നാണ് യോഗി പറയുന്നത്. എങ്കിൽ പിന്നെ ഇത്തരം നീചമായ സംഭവങ്ങൾ എങ്ങനെ നിരന്തരം ആവർത്തിക്കപ്പെടുന്നുവെന്നും അഖിലേഷ് യാദവ് ചോദ്യമുന്നയിച്ചു.