'മദ്രസ നാളെ പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലല്ലോ; സമയമുണ്ട്, പൂട്ടേണ്ട സമയത്ത് പൂട്ടിക്കാം': വി. മുരളീധരൻ

ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് പറയുമെന്നും വി. മുരളീധരൻ
വി. മുരളീധരൻ
വി. മുരളീധരൻ
Published on

മദ്രസ പൂട്ടൽ ബാലാവകാശ കമ്മീഷന്റെ നിലപാടാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ബാലാവകാശ കമ്മീഷന്റെ നിർദേശത്തിൽ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് പറയും. മദ്രസ നാളെ പൂട്ടാൻ തീരുമാനിച്ചിട്ടില്ലല്ലോ. മദ്രസ ഇവിടെ ഉണ്ടാകും, ഞങ്ങളും ഇവിടെ ഉണ്ടാകും. സമയമുണ്ട്, പൂട്ടേണ്ട സമയത്ത് പൂട്ടിക്കാമെന്നും വി. മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തയച്ചിരുന്നു.


അതേസമയം, ശബരിമല തീർത്ഥാടനത്തെ അലങ്കോലപ്പെടുത്താൻ സർക്കാരും ദേവസ്വം ബോർഡും ആസൂത്രിത ശ്രമം നടത്തുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ബുക്കിങ് എങ്ങനെ വേണമെന്ന വിഷയത്തിൽ ഒതുക്കി തീർക്കാൻ ശ്രമം. സ്വന്തം കഴിവില്ലായ്മയിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കമെന്നും വി.മുരളീധരൻ പറഞ്ഞു. ആവശ്യമായ സൗകര്യങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടില്ല.


നിർബാധം ദർശനം നടത്താൻ സൗകര്യം ഉണ്ടാകില്ലെന്ന സന്ദേശം തീർഥാടകർക്ക് നൽകലാണോ ലക്ഷ്യമെന്ന് സംശയമുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. വിരിവെക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. അയ്യപ്പ ഭക്തരോടുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണം. ശബരിമലയിൽ തിരക്ക് കുറയ്ക്കുകയല്ല വേണ്ടത്, തിരക്കിന് അനുസരിച്ചുള്ള സൗകര്യം ഒരുക്കലാണ്. ശബരിമല ചർച്ച ചെയ്യുമ്പോൾ മദ്രസ ചർച്ച ചെയ്യേണ്ടതില്ല. ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ശബരിമല വിഷയമെന്നും വി.മുരളീധരൻ പറഞ്ഞു.


മാസപ്പടി കേസിൽ വീണയ്ക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നത് ബിജെപി നേതാവ് ഷോൺ ജോർജാണെന്നും വി.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ, ഷോൺ ജോർജ് കേസ് കൊടുത്തത് തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണോ. അന്വേഷണം നടക്കുന്നുണ്ടെന്നെങ്കിലും വി.ഡി സതീശന് മനസിലായല്ലോയെന്നും വി.മുരളീധരൻ പരിഹസിച്ചു. ഒരന്വേഷണവും അവസാനിച്ചിട്ടില്ലെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com