
വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തലയ്ക്ക് തുന്നൽ നടത്തിയതിൽ പിഴവ് സംഭവിച്ചത് അറ്റൻഡറിനെന്ന് ആശുപത്രി അധികൃതർ. ജനറേറ്ററിന് ഡീസൽ പ്രശ്നം ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വൈദ്യുതി ഉണ്ടാവില്ലെന്ന് മുൻകൂറായി അനൗൺസ്മെന്റ് ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുന്നൽ ചെയ്ത കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് 11കാരന്റെ തലയ്ക്ക് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിന്റെ തലയ്ക്കാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നൽ ഇട്ടത്. ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.