
1999ൽ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് ദേശീയ അവാർഡ് ലഭിക്കാൻ കാരണമായ 'വാനപ്രസ്ഥം' എന്ന സിനിമയുടെ സംവിധായകനെന്ന നിലയിലാണ് ഷാജി എൻ. കരുണിനെ മലയാളികൾ ഏറ്റവും കൂടുതൽ ഓർമിക്കുന്നത്. ഛായാഗ്രാഹകൻ്റെ റോളിൽ നിന്ന് സംവിധായകൻ്റെ റോളിലേക്ക് വളർന്ന അതുല്യ പ്രതിഭയായിരുന്നു ഷാജി എൻ. കരുൺ. അദ്ദേഹത്തിൻ്റെ മാസ്റ്റർ പീസുകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രവും വാനപ്രസ്ഥം തന്നെയാണ്.
കാനിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുകയും അക്കാലത്ത് ഏറെ നിരൂപകപ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. മികച്ച ചിത്രത്തിൻ്റെ നിർമാതാവെന്ന നിലയിലും മോഹൻലാലിൻ്റെ കൈകളിലേക്ക് രണ്ടാമതൊരു ദേശീയ പുരസ്കാരം കൂടിയെത്തി.
കേരളത്തിൻ്റെ തനത് കലാരൂപമായ കഥകളിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം മോഹൻലാലിൻ്റെ കരിയറിലെ മാസ്റ്റർപീസുകളിലൊന്നായിരുന്നു. കഥകളിക്കും സംഗീതത്തിനും അഭിനയ മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമെന്ന നിലയിലാണ് വാനപ്രസ്ഥം മലയാളികളുടെ ഹൃദയത്തിലിടം പിടിച്ചത്.
ആഴവും പരപ്പുമുള്ളൊരു പുഴപോലെ ഒഴുകുന്ന വാനപ്രസ്ഥത്തിൻ്റെ കഥാഗതിയിൽ, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ സത്തൊട്ടും ചോരാതെ തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിഞ്ഞിടത്താണ് സംവിധായകൻ വിജയിക്കുന്നത്. 114 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയുടെ ഓരോ ഷോട്ടിൽ നിന്നും തൊട്ടടുത്ത രംഗത്തിലേക്കുള്ള ഒഴുക്കിലും ഈ ഡയറക്ടേഴ്സ് ബ്രില്ല്യൻസ് പ്രകടമായിരുന്നു. മോഹൻലാൽ എന്ന അഭിനേതാവിൻ്റെ നടനവൈഭവത്തെ പരമാവധി ചൂഷണം ചെയ്യാൻ ഷാജി എൻ. കരുണിനായി.
മറ്റേതൊരു മലയാള ചിത്രത്തിൽ നിന്നും വാനപ്രസ്ഥത്തെ മാറ്റിനിർത്തുന്നത് കഥകളിയെന്ന കലാരൂപത്തോട് ഷാജി എൻ. കരുൺ കാണിച്ച സത്യസന്ധതയുടേയും ഒറിജിനാലിറ്റിയുടേയും പേരിലായിരിക്കും. അസംഖ്യം കഥകളി കലാകാരന്മാരുടേയും മേളക്കാരുടേയും കൂട്ടായ്മയെ, അസാധ്യമായ തന്മയത്വത്തോടെയും കഥാഗതിയോട് ചേർന്നുനിൽക്കുന്ന രീതിയിലും ചേർത്തുപിടിക്കാൻ കഴിഞ്ഞ ഫിലിം മേക്കർ കൂടിയാണ് ഷാജി എൻ. കരുൺ.
കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം വാസു പിഷാരടി, കോട്ടയ്ക്കൽ ചന്ദ്രശേഖര വാര്യർ, കലാമണ്ഡലം കെ.ജി. വാസുദേവൻ, കാവുങ്ങൽ ദിവാകര പണിക്കർ തുടങ്ങി നിരവധി കഥകളി കലാകാരന്മാർ ഈ ക്ലാസിക് ചിത്രത്തിൻ്റെ ഭാഗമായിരുന്നു. കഥകളിയുടെ പശ്ചാത്തലത്തിൽ ഈ ചിത്രം ഇനിയൊരിക്കലും മറ്റൊരാൾക്കും പുനരാവിഷ്കരിക്കാൻ സാധ്യമാകാത്തത്രയും പൂർണതയോടെ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിക്കാൻ ഷാജി എൻ. കരുണിന് കഴിഞ്ഞുവെന്നത് വിസ്മയകരമാണ്.
1930കളിൽ പ്രശസ്തിയുടെ പടവുകൾ ചവിട്ടിക്കയറുന്ന കഥകളി ആട്ടക്കാരനായ കുഞ്ഞുക്കുട്ടൻ്റെ ജീവിതമായിരുന്നു ഈ സിനിമ പ്രതിഫലിപ്പിച്ചത്. കഥാപാത്രത്തിൻ്റെ വ്യക്തിത്വം സ്വന്തം വ്യക്തിത്വത്തെ മറികടക്കുമ്പോള്‍ നടനുണ്ടാവുന്ന അസ്ഥിത്വ പ്രതിസന്ധിയായിരുന്നു വാനപ്രസ്ഥത്തിന്റെ വിഷയം. ഒരു ഫ്യൂഡല്‍ ഭൂവുടമയ്ക്ക് കീഴ്ജാതി സ്ത്രീയില്‍ ജനിച്ച 'അവിഹിത' സന്തതിയായ കുഞ്ഞുക്കുട്ടന്‍ കഥകളി നടനായി പ്രശസ്തിയാര്‍ജിക്കുന്നു.
ഒരു കൊട്ടാരത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഞ്ഞുകുട്ടന്‍ സുഭദ്രയെ (സുഹാസിനി) കാണാനിടയാവുകയാണ്. കുഞ്ഞുക്കുട്ടൻ്റെ അര്‍ജുന വേഷവുമായി സുഭദ്ര പ്രണയത്തിലാവുന്നു. എന്നാൽ ആട്ടം അവസാനിക്കുന്നിടത്ത് കീഴാളനായ കുഞ്ഞുക്കുട്ടനെ സുഭദ്ര തള്ളിപ്പറയുന്നതോടെ അയാൾ മാനസികമായി തളരുന്നു. അതോടെ കലാകാരനെന്ന നിലയിൽ അയാൾ പ്രശസ്തിയുടെ ഉന്നതിയിൽ നിന്നും താഴേക്ക് പതിക്കുന്നു. സുഭദ്രയില്‍ തനിക്കുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുക്കുട്ടന് അനുവാദമുണ്ടായിരുന്നില്ല.