
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അന്വേഷണം പ്രഹസനമാണെന്നും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തൃശൂർ പൂരം കലക്കാന്‍ ആയിട്ടല്ല എഡിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടത്.
ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് നൽകാനായിട്ടെന്നും വി.ഡി. സതീശന്‍ വിമർശിച്ചു. അതിന്‍റെ ഭാഗമായിട്ടാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കല്‍ നടന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തു. അജിത് കുമാറാണ് പൂരം കലക്കാൻ പ്ലാനിട്ടത്. അജിത് കുമാർ തന്നെയാണ് അന്വേഷിക്കുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു . അജിത് കുമാർ പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read: ADGP-RSS കൂടിക്കാഴ്ച; ആളെ പറ്റിക്കാനുള്ള നാടകമെന്ന് കെ. സുധാകരൻ
നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറിനെ കോണ്‍ഗ്രസിലെടുക്കുമെന്ന അഭ്യൂഹങ്ങളോടും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. അൻവറിനെ കോൺഗ്രസിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. ഈ കാര്യം യുഡിഎഫും ചർച്ച ചെയ്തിട്ടില്ലെന്ന് സതീശന്‍ അറയിച്ചു. കൂടാതെ, ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ ഹൈക്കോടതിയും പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാറിന് വേണ്ടപ്പെട്ടവർക്ക് എതിരെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയാണ് കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണത്തിന് ഉത്തരവിട്ടത് ആളെ പറ്റിക്കാനുള്ള നാടകമാണെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്‍റെ പ്രതികരണം. ആർഎസ്എസ് നേതാവിനെ എഡിജിപി അജിത് കുമാർ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടിയെന്നും, സിപിഎം സംഘപരിവാറിന് സറണ്ടർ ആയെന്നും കെ. സുധാകരൻ പറഞ്ഞു.
എന്നാൽ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹബിനാണ് നിർദേശം നൽകിയിരിക്കുന്നത്.