സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് സ്വീകരിക്കേണ്ട നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്നും സതീശൻ പറഞ്ഞു
എംഎൽഎ സ്ഥാനത്തുനിന്ന് മുകേഷ് രാജിവെക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം പ്രതികൂട്ടിലാണെന്നും മുകേഷിന് കുടചൂടി തണൽ ഒരുക്കുന്നത് പാർട്ടിയാണെന്നും സതീശൻ പറഞ്ഞു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആവശ്യപ്പെടുന്നത്. എന്നാൽ ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുകേഷിൻ്റെ രാജിക്കായി എൽഡിഎഫിനുള്ളിൽ തന്നെ ആവശ്യം ഉയർന്നിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് സ്വീകരിക്കേണ്ട നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും സതീശൻ പറഞ്ഞു.
സാംസ്കാരിക മന്ത്രി എന്തൊക്കെയാണ് പറയുന്നത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യാൻ പറയുന്നത്. ആരോപണ വിധേയരായവർക്ക് പൂർണ സംരക്ഷണം കൊടുക്കുന്ന ഒരു പവർ ഗ്രൂപ്പ് സിപിഎമ്മിൽ ഉണ്ട്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിനു ഉത്തരവാദി സംസ്ഥാന സർക്കാർ മാത്രമാണ്. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ടപ്പോഴും സമാന ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കട്ടെ എന്നാണ് സിപിഎം നിലപാട് സ്വീകരിച്ചത്. എൽദോസ് കുന്നപ്പിള്ളിയുടെ വിഷയത്തിൽ പാർട്ടി നിലപാടെടുത്തു. കോടതിയിൽ അനുകൂല നിലപാടുണ്ടായതു കൊണ്ടാണ് അദ്ദേഹത്തെ സംരക്ഷിച്ചതെന്നും സതീശൻ പറഞ്ഞു.