"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ

"ആശാ വർക്കർമാരുടെ സമരത്തിൽ സംസ്ഥാനം ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യണം"
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ
Published on

ആഗോള നിക്ഷേപ സംഗമം കേരളത്തിൻ്റെ ഭാവിയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വർഷങ്ങളുടെ ഹോം വർക്കാണ് ആഗോള നിക്ഷേപ സംഗമം. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നുണ്ട്. എങ്കിലും കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നാണ് ആഗോള സംഗമത്തിൻ്റെ പ്രത്യേകതയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

50,000 കോടി രൂപയാണ് റോഡ് ഗതാഗതത്തിൽ കേരളത്തിലേക്ക് നിക്ഷേപമായി വരുന്നത്. ഇതിൽ ഉറപ്പു നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ്. ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രായോഗിക നിലപാട് സ്വീകരിച്ചു. അതിനെ എൽഡിഎഫ് സ്വാഗതം ചെയ്യുന്നു.

കിഫ്ബിയെ സംരക്ഷിക്കണമെന്നാണ് എൽഡിഎഫ് നിലപാടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. വലിയ തുക ചിലവഴിക്കുമ്പോൾ വരുമാനം കൂടി ഉണ്ടാവണം. അതാണ് എൽഡിഎഫ് നിലപാട്. ടോൾ പിരിക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. കിഫ്ബി വഴി വരുമാനം ഉണ്ടാവണമെന്നാണ് അഭിപ്രായം. ടോൾ പിരിക്കണമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ടോൾ വേണമോ വേണ്ടയോയെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ചർച്ച ചെയ്യണം, ഗവൺമെന്റ് പഠനം നടത്തട്ടെ, അതിനു ശേഷം തീരുമാനം പറയാം. മുന്നണി യോഗത്തിൽ ഉണ്ടായ ചർച്ചയിലെ കാര്യങ്ങൾ ഞാൻ പറയില്ല. മറ്റാരും പറയുന്നതും ശരിയല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എലപ്പുള്ളി മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി വേണമെന്നാണ് എൽഡിഎഫ് നിലപാടെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ആശാ വർക്കർമാരുടെ സമരത്തിൽ സംസ്ഥാനം ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യണം. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കേന്ദ്രം പണം നൽകുന്നില്ല. വസ്തുതകൾ മനസിലാക്കി മുന്നോട്ട് പോകണം. അവർ എത്ര ചോദിച്ചാലും കൊടുക്കണം, പ്രശ്നം പരിഹരിക്കണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

കടൽ - വന ഖനനത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ യുഡിഎഫുമായി സഹകരിച്ച് സമരത്തിന് തയ്യാറാണ്. എം.എം. ഹസനുമായും, വി.ഡി. സതീശനുമായും ചർച്ച നടത്തിയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com