വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ടെന്നും വെള്ളാപ്പള്ളി
എസ്എൻഡിപിക്കെതിരായ വിമർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. എൽഡിഎഫിൻ്റെ വലിയ പരാജയത്തിന് കാരണം ന്യൂനപക്ഷ പ്രീണനമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എൽഡിഎഫിൻ്റെ ഐശ്വര്യമാണ് എൻഡിഎ എന്ന വ്യത്യസ്ത വാദവും വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചു.
വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കേണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.വി. ഗോവിന്ദൻ്റെ ആരോപണങ്ങളെ വെള്ളാപ്പള്ളി നടേശൻ തള്ളിയത്. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ലെന്നും അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കാലഘട്ടത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞ് എൽഡിഎഫ് പ്രായോഗികമായി പ്രവർത്തിക്കണം. യുഡിഎഫിൻ്റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുന്നതെന്നും അതിനാൽ പാർട്ടിയുടെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്എൻഡിപി ശ്രീനാരായണ ഗുരുവിനെ മറക്കുന്നു എന്ന ആരോപണവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. സിപിഎമ്മിനുണ്ടായ തോൽവിക്ക് മുഖ്യകാരണം ഈഴവ വോട്ടുകളിലെ ചോർച്ചയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനും ഭാര്യയും മകനും ആർഎസ്‍എസിലെത്തിയതിനു പിന്നാലെ എസ്എൻഡിപിയെയും അവിടെക്കെത്തിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസിൻ്റെ അജണ്ടകൾക്കനുസരിച്ച് എസ്എൻഡിപി കീഴ്‌പ്പെടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.