
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി ആവർത്തിച്ച് പ്രതി അഫാന്റെ മാതാവ് ഷെമി. അച്ഛൻ അബ്ദുൾ റഹീമിന്റെ പ്രാഥമിക മൊഴിയെടുത്ത പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. മൊഴി നൽകാനായി അബ്ദുൾ റഹീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി. ലക്ഷങ്ങളുടെ കടബാധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മജിസ്‌ട്രേറ്റിന് നൽകിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകൻ ആക്രമിച്ചത് ഷെമി മറച്ചുവെച്ചു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്നാണ് ആവർത്തിച്ചത്. മകൻ കൂട്ടക്കൊല നടത്തിയത് ഷെമി അറിഞ്ഞിട്ടില്ല. തന്നെ മാത്രം ആക്രമിച്ചു എന്നാണ് ധാരണയെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനാൽ വൈകാതെ മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ലക്ഷങ്ങളുടെ കടബാധ്യതയാണ് അഫാനെ കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഷെമിക്കും പ്രതി അഫാനും നാട്ടിൽ 50 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. അഫാൻ ആദ്യം ഉപയോഗിച്ച ഫോൺ ഒന്നരലക്ഷം രൂപയുടേതാണ്. ഇപ്പോൾ ഉപയോഗിക്കുന്നത് അമ്പതിനായിരം രൂപയുടേതും. ബൈക്കിന്റെ വില രണ്ട് ലക്ഷവും. നേരത്തെ മറ്റൊരു കാറും ബൈക്കും ഉണ്ടായിരുന്നത് വിറ്റു. കൂട്ടക്കുരുതി നടന്ന ദിവസവും സ്വർണം പണയം വെച്ച് കടക്കാരിൽ ചിലർക്ക് അഫാൻ പണം നൽകിയിരുന്നു. പിതാവ് അബ്ദുൾ റഹീമിന് വിദേശത്ത് ഉണ്ടായിരുന്നത് 10 ലക്ഷം രൂപയുടെ ബാധ്യതയാണ്. അഞ്ച് ലക്ഷം രൂപ നേരത്തെ നാട്ടിൽ നിന്ന് വിദേശത്തേക്ക് അയച്ചുകൊടുത്തത് പലപ്പോഴായി തിരിച്ചയച്ചിരുന്നു.
Also Read: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വ്ളോഗർ ജുനൈദ് അറസ്റ്റിൽ
പാങ്ങോട് പൊലീസ് കഴിഞ്ഞദിവസം റഹീമിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു. മാനസിക ബുദ്ധിമുട്ടിലായതിനാൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ന് വിശദമായ മൊഴിയെടുക്കുമെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. അഫാൻ രാസ ലഹരികൾ ഉപയോഗിച്ചതിന് തെളിവില്ല. ഇടയ്ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയ പ്രതിയെ ഡോക്ടർമാരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ജയിലിലേക്ക് മാറ്റും. ശേഷമാകും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ നൽകുക.