കുട്ടികളാണെന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന് ഷഹബാസിൻ്റെ കുടുംബം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

അവധിക്കാലം ആയതിനാൽ 6 വിദ്യാർഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം
കുട്ടികളാണെന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന്  ഷഹബാസിൻ്റെ കുടുംബം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Published on

താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അവധിക്കാലം ആയതിനാൽ 6 വിദ്യാർഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് കസ്റ്റഡിയിലുള്ളത്.


മകൻ്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു. പ്രതികൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം. പുറത്തിറങ്ങിയാൽ അവർ സ്വാധീനം ഉപയോഗിക്കും. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും ഇക്ബാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ ഷഹബാസ് പിറ്റേന്ന് പുലർച്ചയോടെയാണ് മരിക്കുന്നത്.




ഷഹബാസിന്‍റെ കൊലപാതകത്തിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർഥികൾക്ക് ആയുധം ലഭിച്ചത് രക്ഷിതാക്കൾ വഴിയെന്നാണ് ആരോപണം. മുതിർന്നവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് ഷഹബാസിന്‍റെ കുടുംബത്തിൻ്റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com