വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ജനങ്ങളുടെ വി.എസാണ്. കണ്ണാണ്, കരളാണ്.
വി.എസ് അച്യുതാനന്ദന്‍
ജന്മിത്വം നാടുവാഴുന്ന കാലത്തായിരുന്നു വി.എസ് അച്യുതാനന്ദന്റെ ജനനം. അസമത്വവും അനിതീയും, ഒപ്പം അനാചാരവും കൊടിക്കുത്തിവാണ നാളുകള്‍. സാമുഹ്യസാഹചര്യങ്ങള്‍ ഏറ്റവും ദുഷിച്ചൊരു കാലത്ത്, വ്യവസ്ഥിതികള്‍ക്കെതിരെ പോരാട്ടത്തിന്റെ വഴി തെരഞ്ഞെടുത്ത വി.എസിന്റെ ജീവചരിത്രം യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമുഹ്യ ചരിത്രം കൂടിയാണ്. സമരഭരിതവും സാര്‍ഥകവുമായ ആ ജീവിതം നൂറ്റൊന്ന് വയസിലെത്തിയിരിക്കുന്നു. തൊഴിലാളി നേതാവ്, ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ്, മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് വി.എസ്സിന്. എന്നാല്‍, വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ജനങ്ങളുടെ വി.എസാണ്. കണ്ണാണ്... കരളാണ്. കാരണം, ആ സമര ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം മാറ്റിവെച്ചത് സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു.
1923 ഒക്ടോബര്‍ 20ന് ആലപ്പുഴ, പുന്നപ്രയിലായിരുന്നു ജനനം. നാലാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. പതിനൊന്നാം വയസില്‍ അച്ഛനെയും. പിന്നീട് ചേട്ടന്റെ സംരക്ഷണയിലായിരുന്നു അച്യുതാനന്ദന്റെ ജീവിതം. ജാതിവെറി കലശലായിരുന്ന കാലത്തായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാവപ്പെട്ട തൊഴിലാളികളുടെ മക്കളൊന്നും പഠിക്കാന്‍ പോയിരുന്നില്ല. അതിനാല്‍, സ്‌കൂളില്‍ വി.എസിന് കടുത്ത പരിഹാസം ഏല്‍ക്കേണ്ടിവന്നു. ചോകചെറുക്കനെന്ന സവര്‍ണജാതിയില്‍പ്പെട്ട സഹപാഠിയുടെ വിളിക്ക് ബെല്‍റ്റൂരിയുള്ള അടിയായിരുന്നു വി.എസിന്റെ മറുപടി. അതോടെ, പരിഹാസം അവസാനിച്ചു. എന്നാല്‍, അച്ഛന്‍ മരിച്ചതോടെ, കുടുംബം വലിയ പട്ടിണിയിലായി. ഏഴാം ക്ലാസില്‍ അച്യുതാനന്ദന് പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. പിന്നാലെ, ചേട്ടന്റെ തയ്യല്‍ക്കടയില്‍ സഹായിയായി.
സ്വാതന്ത്ര്യസമരം ചൂടുപിടിച്ച് തുടങ്ങിയിരുന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും അതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ജന്മിമാരുടെ കൊള്ളരുതായ്മകളും ഗുണ്ടാവിളയാട്ടവുമൊക്കെ സംഭാഷണങ്ങളില്‍ കടന്നുവന്നു. ഇതെല്ലാം വി.എസ് താല്‍പ്പര്യത്തോടെ കേട്ടിരുന്നു. പിന്നീട് ഓരോ വിഷയത്തിലും ഇടപെട്ട് സംസാരിക്കാന്‍ തുടങ്ങി. അനീതിക്കെതിരെ പ്രതികരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതെല്ലാം കണ്ട് ചേട്ടന്‍ ഭയപ്പെട്ടു. കൂട്ടുകാരന്‍ വഴി, അച്യുതാനന്ദനെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ ജോലിക്കു കയറ്റി. എന്നാല്‍, തുശ്ചമായ കൂലി, ഉടമയ്ക്ക് തോന്നുമ്പോള്‍ മാത്രമാണ് നല്‍കിയിരുന്നത്. അടിമവ്യവസ്ഥ പിന്തുടര്‍ന്ന കമ്പനി നടത്തിപ്പിനോട് സമരസപ്പെടാന്‍ വി.എസിന് കഴിയുമായിരുന്നില്ല.
അക്കാലത്താണ്, പി. കൃഷ്ണപിള്ള ഫാക്ടറിയില്‍ എത്തുന്നത്. 1938ല്‍ രാജ്യത്തെ ആദ്യത്തെ സംഘടിത തൊഴിലാളി പണിമുടക്കിന് കയര്‍ ഫാക്ടറി വേദിയായി. അയ്യായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി ഒരണ കൂലി നേടിയെടുത്തു. സമര വിജയത്തില്‍ പതിനാറുകാരനായ വി.എസിന്റെ സംഘടനാ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാക്ടറിക്കപ്പുറത്തേക്ക് വി.എസിന്റെ പ്രവര്‍ത്തന മികവ് പരന്നു. ഒരു വര്‍ഷംകൊണ്ട് കയര്‍ തൊഴിലാളികള്‍ക്ക് സംഘടനയുണ്ടായി. അതിന്റെ ഊര്‍ജസ്വലനായ നേതാവായി അച്യുതാനന്ദന്‍ മാറുകയും ചെയ്തു. ആ സംഘടനാപാടവമാണ് വി.എസിനെ 1940ല്‍, 17ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാക്കിയത്. അതിന് ശുപാര്‍ശ ചെയ്തതാകട്ടെ സാക്ഷാല്‍ കൃഷ്ണപിള്ളയും.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം, കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം ജോലി ഉപേക്ഷിച്ച് വി.എസ് കുട്ടനാട്ടിലേക്ക് പോയി. 13 മണിക്കൂര്‍ ജോലി, തുശ്ചമായ കൂലി, പോരാത്തതിന് കള്ളനാഴിയും. അതായിരുന്നു കുട്ടനാട്ടിലെ തൊഴില്‍ സാഹചര്യം. പണിക്കൂലിയും നെല്ലിന്റെ അളവും നിരക്കുമൊക്കെ ജന്മിമാര്‍ തന്നെ നിശ്ചയിക്കും. തൊഴിലാളികള്‍ക്ക്, കഷ്ടി കഞ്ഞിക്കുള്ള വക മാത്രം ലഭിക്കും. എതിര്‍ക്കാനോ, ചോദ്യം ചെയ്യാനോ അവകാശമില്ലായിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ചും അവരോട് സംസാരിച്ചും അനീതിക്കെതിരെ വി.എസ് കോപ്പുകൂട്ടി. അതിന്റെ ഫലമായി, സ്ത്രീ തൊഴിലാളികള്‍ ആദ്യമായി മുദ്രാവാക്യങ്ങളുമായി പ്രതിഷേധത്തിനിറങ്ങി.
രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വി.എസിന് നേതൃപരമായ പങ്കുണ്ടായിരുന്നു. സമരസഖാക്കളുടെ ക്യാമ്പുകളുടെ ചുമതലയും വി.എസിനായിരുന്നു. സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പോലീസ് അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കി. നാലുവര്‍ഷം ജയിലില്‍. ക്രൂരമായ മര്‍ദ്ദനമേറ്റു. ജയിലഴികള്‍ക്കിടയിലൂടെ കാലുകള്‍ പുറത്തേക്ക് വലിച്ചുകെട്ടി ലാത്തികൊണ്ട് തല്ലി ചതച്ചു. ബോധം നശിച്ചപ്പോള്‍, കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. പനി പിടിച്ച് ബോധമില്ലാതെയായപ്പോള്‍, മരിച്ചെന്ന് കരുതി പോലീസ് ഉപേക്ഷിച്ചു. അവിടെ, കരുത്തനായ കമ്യൂണിസ്റ്റ് പിറവിയെടുക്കുകയായിരുന്നു.
കൃഷ്ണപിള്ളയുടെ കണ്ടെത്തല്‍ തെറ്റിയില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വി.എസ് വളര്‍ന്നു. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകൃതമായി. അന്ന് സിപിഐ ദേശീയ കൗണ്‍സില്‍ വിട്ടിറങ്ങിയ 32 നേതാക്കളാണ് സിപിഎം എന്ന പാര്‍ട്ടിയുണ്ടാക്കിയത്. അതിലൊരാള്‍ വി.എസ് ആയിരുന്നു. പാര്‍ട്ടി രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നേതാവും അദ്ദേഹം മാത്രമാണ്. 1964ല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായി. 1970 വരെ അത് തുടര്‍ന്നു. 1980 മുതല്‍ 1991 വരെ മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പോളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏഴു തവണ വിജയിച്ചു. 2006-2011ല്‍ മുഖ്യമന്ത്രിയായി. അപ്പോള്‍ വി.എസിന്റെ പ്രായം 83. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന ആളായി അദ്ദേഹം മാറി. 1992, 2001, 2011 എന്നീ നിയമസഭകളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.
നിയമസഭാംഗവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയപ്പോഴും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ വി.എസ് വിമുഖത കാട്ടിയില്ല. ചില സമയങ്ങളില്‍ പാര്‍ട്ടിയെപ്പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, ഭൂമി കയ്യേറ്റം ഉള്‍പ്പെടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി എന്നിവയിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാമോയില്‍, ഇടമലയാര്‍, മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍, കിളിരൂര്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ വി.എസ് നേരിട്ട് ഇടപെട്ടു. സ്ത്രീ പീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു. മൂന്നാറിലെ തേയിലത്തോട്ടത്തിലെ 'പെമ്പിളൈ ഒരുമ' സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ട സമയത്ത്, അവരുടെ നടുവിലേക്ക് ചെല്ലുവാന്‍ സാധിച്ച ഒരേയൊരു നേതാവ് വി.എസ് ആയിരുന്നു.
പാര്‍ട്ടി പോകുന്നത് തെറ്റായ വഴിയിലാണെങ്കില്‍, അതിനെ മറികടക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയെ കണ്ട് വിതുമ്പലടക്കി നിന്ന വി.എസിനെ രാഷ്ട്രീയ കേരളം മറക്കാനിടയില്ല. പാര്‍ട്ടിക്കുള്ളില്‍നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം കൂസാതെ നിന്നു. ഇത്തരം നിലപാടുകളാണ് വി.എസ് അച്യുതാനന്ദനെ ജനകീയനാക്കിയത്. ഏതു വെല്ലുവിളികളിലും അണഞ്ഞിടാത്ത വിപ്ലവവീര്യത്തിന്റെ മറുപേരായി ജനങ്ങള്‍ വി.എസിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ചത് അതിനാലാണ്. അഞ്ച് വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്ത് ഇല്ലെങ്കിലും, ആ നിശബ്ദസാന്നിധ്യത്തെ ഒരു ജനത ഇപ്പോഴും ഓര്‍ത്തുവെക്കുന്നതും അതുകൊണ്ടാണ്.