
രാജ്യത്തെ കുട്ടികൾക്ക് വിദേശത്തേക്ക് പോകുന്ന പുതിയ രോഗം ബാധിച്ചതായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. 'ഫോറെക്സ് ചോർച്ച അല്ലെങ്കിൽ മസ്തിഷ്ക ചോർച്ച' എന്നാണ് ഈ പുതിയ രോഗത്തിന് ഉപരാഷ്ട്രപതി നൽകിയിരിക്കുന്ന പേര്. വിദ്യാഭ്യാസത്തിൻ്റെ വാണിജ്യവത്ക്കരണം അതിൻ്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും ഇത് രാജ്യത്തിൻ്റെ ഭാവിക്ക് നല്ലതല്ലെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു. രാജസ്ഥാനിലെ സിക്കാറിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധൻഖർ.
"രാജ്യത്തെ കുട്ടികൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു. വിദേശരാജ്യങ്ങളെ കുറിച്ച് സ്വപ്നങ്ങൾ കാണുന്നു. എന്നാൽ അവൻ ഏത് സ്ഥാപനത്തിലേക്ക് പോകുന്നു, ഏത് രാജ്യത്തേക്ക് പോകുന്നു എന്നതിനെക്കുറിച്ചുള്ള വിശകലനം നടക്കുന്നില്ല," ജഗ്ദീപ് ധൻകർ പറയുന്നു.
ALSO READ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: 2 അർധ സൈനികർ കൊല്ലപ്പെട്ടു
2024-ൽ ഏകദേശം 13 ലക്ഷം വിദ്യാർഥികൾ വിദേശത്തേക്ക് പോയതായി കണക്കാക്കപ്പെടുന്നു. അവരുടെ ഭാവി എന്തായി എന്നതിനെ കുറിച്ച് ഇപ്പോൾ വിശകലനം നടക്കുന്നുണ്ട്. രാജ്യത്തിനുള്ളിൽ പഠിച്ചിരുന്നെങ്കിൽ അവരുടെ ഭാവി എത്ര ശോഭനമാകുമായിരുന്നുവെന്ന് ആളുകൾ ഇപ്പോൾ മനസ്സിലാക്കുന്നെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതോടെ രാജ്യത്തെ വിദേശനാണ്യത്തിൽ ആറ് ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായതായും വൈസ് പ്രസിഡൻ്റ് ചൂണ്ടികാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആറ് ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചെങ്കിൽ നമ്മൾ എവിടെ നിൽക്കുമെന്നായിരുന്നു ജഗ്ദീപ് ധൻകറിൻ്റെ ചോദ്യം. ഇത് സംഭവിക്കാൻ പാടില്ലെന്നും വിദ്യാർഥികളെ ബോധവാന്മാരാക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
വിദ്യാർഥികളെ ബോധവാന്മാരാക്കാനും 'മസ്തിഷ്ക ചോർച്ചയും' വിദേശനാണ്യ നഷ്ടവും തടയാനും സഹായിക്കണമെന്ന് ഉപരാഷ്ട്രപതി വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയം ഒരു ഗെയിം ചേഞ്ചറാണെന്നും ഉപരാഷ്ട്രപതി പ്രശംസിച്ചു.