VIDEO/ ഡൽഹി സ്കൂളിനു സമീപത്തെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
VIDEO/ ഡൽഹി സ്കൂളിനു സമീപത്തെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Published on

ഡൽഹിയിലെ രോഹിണിയിൽ സ്‌കൂളിൻ്റെ മതിൽ സ്ഫോടനത്തിൽ തകർന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നു രാവിലെ 7.47നാണ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി സെക്ടർ 14 രോഹിണിയിലെ സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്ന് ബോംബ് സ്‌ക്വാഡും പൊലീസ് ഫോറൻസിക് സംഘവും സാമ്പിളുകൾ എടുത്തിരുന്നു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്‌കൂളിൻ്റെ മതിലിനും സമീപത്തെ കടകൾക്കും കാറിനും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. സ്‌ഫോടനം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്നവരെ കണ്ടെത്താൻ പൊലീസ് മൊബൈൽ നെറ്റ്‌വർക്ക് ഡാറ്റയും ശേഖരിക്കുന്നുണ്ട്.

സ്‌കൂളിന് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായി കണ്ടെത്തിയ "വെളുത്ത പൊടി" ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂൾ മതിലിനോട് ചേർന്ന് മണ്ണ് കുഴിച്ചും സാമ്പിളുകൾ എടുത്തിരുന്നു.

"ഇത് ഏതെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തു ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് ഞങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. അസംസ്‌കൃത ബോംബാണെന്ന് ഞങ്ങൾ സംശയിക്കുന്നു," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളതായും ഓഫീസർ പറഞ്ഞു.

മറ്റെന്തെങ്കിലും സ്‌ഫോടക വസ്തുക്കളുണ്ടോ എന്നറിയാൻ പ്രദേശം സ്‌കാൻ ചെയ്യാൻ എൻഎസ്ജി കമാൻഡോകൾ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com