ഇനിയും അര്‍ജുന്‍ റെഡ്ഡിയെ പോലൊരു കഥാപാത്രം ലഭിച്ചാല്‍ ചെയ്യുമോ എന്ന ചോദ്യത്തിന് നൂറ് ശതമാനം എന്നാണ് താരം മറുപടി കൊടുത്തത്
വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയുടെ പ്രമേയം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴും അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഉയര്‍ന്നു വരുന്ന കമന്റുകള്‍ സ്ത്രീവിരുദ്ധതയെ കുറിച്ചാണ്. എന്നാല്‍ വിജയ് ദേവരകൊണ്ട എന്ന നടന് കരിയറില്‍ വലിയ ഉയര്‍ച്ച ഉണ്ടാക്കികൊടുത്ത സിനിമ കൂടിയാണ് അര്‍ജുന്‍ റെഡ്ഡി.
അതുകൊണ്ട് തന്നെ ആയിരിക്കും ഫിലിം ഫെയറുമായുള്ള അഭിമുഖത്തില്‍ വിജയ് തനിക്ക് അര്‍ജുന്‍ റെഡ്ഡി എപ്പോഴും പ്രിയപ്പെട്ടതാണെന്ന് പറഞ്ഞത്. ഇന്നത്തെ കാലത്ത് താങ്കള്‍ അര്‍ജുന്‍ റെഡ്ഡിയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിജയ് ദേവരകൊണ്ട.
നിരൂപകര്‍ ചിത്രം സ്ത്രീവിരുദ്ധമാണെന്ന് പറയുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യവും താരത്തോട് ചോദിച്ചു. അതിന്, "ഞാന്‍ നിരൂപകരുടെ ഭാഗം മനസിലാക്കുന്നു. അതിന് എനിക്ക് കുഴപ്പം ഒന്നുമില്ല. പക്ഷെ ഒരു നടന്‍ എന്ന നിലയില്‍ എന്റെ ജോലി ആ കഥാപാത്രത്തെ മനസിലാക്കി അഭിനയിക്കുക എന്നതായിരുന്നു. അല്ലാതെ അയാളെ ജഡ്ജ് ചെയ്യുകയല്ല. പിന്നെ ഏതൊരു ക്രിയേറ്റീവ് കഥയുടെയും പ്രധാന ലക്ഷ്യം എന്ന് പറയുന്നത് ചര്‍ച്ചയും പ്രതികരണവും ഉണ്ടാക്കുക എന്നതാണ്. അതിപ്പോള്‍ ഏതു കാഴ്ച്ചപാടില്‍ നിന്നാണെങ്കിലും", എന്നാണ് വിജയ് മറുപടി പറഞ്ഞത്.
ഇനിയും അര്‍ജുന്‍ റെഡ്ഡിയെ പോലൊരു കഥാപാത്രം ലഭിച്ചാല്‍ ചെയ്യുമോ എന്ന ചോദ്യത്തിന് നൂറ് ശതമാനം എന്നാണ് താരം മറുപടി കൊടുത്തത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ചും വിജയ് സംസാരിച്ചു. "ഞാന്‍ സന്ദീപ്, ഷാഹിദ്, കിയാര എന്നിവരുടെ കാര്യത്തില്‍ വലിയ സന്തോഷവാനായിരുന്നു. സന്ദീപിന്റെ വിജയവും സന്തോഷവും എനിക്ക് പ്രധാനപ്പെട്ടതാണ്. അതെപ്പോഴും അങ്ങനെയായിരിക്കും", താരം കൂട്ടിച്ചേര്‍ത്തു.