VIDEO|ക്യൂട്ടായി കുട്ടി ഹിപ്പോ; തിക്കിത്തിരക്കി സന്ദർശകർ, സംയമനം പാലിക്കണമെന്ന് മൃഗശാല അധികൃതർ

VIDEO|ക്യൂട്ടായി കുട്ടി ഹിപ്പോ; തിക്കിത്തിരക്കി സന്ദർശകർ, സംയമനം പാലിക്കണമെന്ന് മൃഗശാല അധികൃതർ
Published on

ഹിപ്പോപൊട്ടമസിനെ ഇഷ്ടപ്പെടുന്നവരെത്ര പേരെന്ന് ചോദിച്ചാൽ ഒന്ന് സംശയിക്കും. അങ്ങനെ ആരാധകരുള്ള ജീവിയല്ല ഇക്കൂട്ടർ. എന്നാലിതാ ക്യൂട്ടായ കുട്ടി ഹിപ്പോയെ കാണാൻ സന്ദർശകർ മൃഗശാലയിലേക്ക് തിക്കിത്തിരക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പട്ടായയിൽ നിന്ന് വരുന്നത്.

വളരെ അപൂർവ്വമായാണ് കുള്ളൻ ഹിപ്പൊപ്പൊട്ടാമസുകളുടെ ജനനം. തായ്‌ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിലാണ് ഈ ഇത്തിരക്കുഞ്ഞൻ ജനിച്ചിരിക്കുന്നത്. മൂ ഡെംഗ് എന്ന് പേരിട്ടിരിക്കുന്ന പിഗ്മി ഇനത്തിലെ ഹിപ്പൊപ്പൊട്ടാമസ് ജനിച്ച ജൂലൈ മാസം മുതൽ മൃഗശാലയിലേക്ക് സന്ദർശകരുടെ തിരക്കാണ്.

എന്നാൽ കൗതുകം കൊണ്ടുള്ള ഈ സന്ദശനം ഇപ്പോൾ പ്രതിസന്ധിയായിരിക്കുകയാണ്. ആളുകൾ തിക്കിത്തിരക്കിയും കുട്ടി ഹിപ്പോയ്ക്ക് നേരെ വെള്ളക്കുപ്പികളും, കക്കകളും എറിഞ്ഞ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതും ഭീഷണിയായിരിക്കുകയാണ്.

നിലവിലെ സന്ദർശകരുടെ നിലപാട് ക്രൂരവും അപകടകരവുമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായിരിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. മൂ ഡെംഗിന്റെ കൂടിന് ചുറ്റും സിസിടിവി അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.


പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാര്യം സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തിരിക്കുഞ്ഞൻ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com