
വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ വിഷനാണെന്നും അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. "സിപിഎം അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ പദ്ധതി നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ് പറഞ്ഞു. ഉമ്മൻ ചാണ്ടി കേരളത്തിൻ്റെ വികസന നായകനാണ്. വിഴിഞ്ഞം തുറമുഖം യുഡിഎഫിൻ്റെയും ഉമ്മൻചാണ്ടിയുടെയും കുഞ്ഞാണ്," എം.എം. ഹസ്സൻ പറഞ്ഞു.
"ട്രയൽ റണ്ണിന് പ്രതിപക്ഷ നേതാവിനെ വിളിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് പ്രതിഷേധാർഹമാണ്. സ്ഥലം എംപി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നു. പദ്ധതി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ചു കൊണ്ട് നാളെ യുഡിഎഫ് ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടില്ല. ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ്," എം.എം. ഹസ്സൻ പറഞ്ഞു.