കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കുതിപ്പേകാൻ വിഴിഞ്ഞം തുറമുഖം; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ് എം.എസ്.സി തുർക്കിയ്ക്കുൾപ്പെടെ സ്വീകരണമരുളിയാണ് വിഴിഞ്ഞത്തിൻ്റെ പുതിയ ചുവട് വയ്പ്
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കുതിപ്പേകാൻ വിഴിഞ്ഞം തുറമുഖം; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
Published on

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പോർട്ട് ഓഫീസിനു സമീപം പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കെടുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിൽക്കും.

കമ്മീഷനിങ്ങിനു മുൻപേ ചരിത്രം കുറിച്ചാണ് വിഴിഞ്ഞം തുറമുഖം വികസനത്തിൽ നങ്കൂരമിടുന്നത്. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ് എം.എസ്.സി തുർക്കിയ്ക്കുൾപ്പെടെ സ്വീകരണമരുളിയാണ് വിഴിഞ്ഞത്തിൻ്റെ പുതിയ ചുവട് വയ്പ്. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ ലോക വ്യാപാര ശൃംഖലയിലേയ്ക്കാണ് തുറമുഖം ഔദ്യോഗികമായി വാതിൽ തുറക്കുന്നത്. ഉദ്ഘാടനത്തിനായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി രാവിലെ 10 മണിയോടു കൂടി രാജ്ഭവനിൽ നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെടും.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി തുറമുഖത്തിൻ്റെ പ്രവർത്തനം വിലയിരുത്തും. ശേഷം തുറമുഖത്തെത്തുന്ന എം.സ് സിയുടെ സെലസ്റ്റിനോ മരേസ്ക എന്ന കപ്പലിനെ പ്രധാനമന്ത്രി സ്വീകരിക്കും. അതിനു ശേഷമാകും അദ്ദേഹം ഉദ്ഘാടന വേദിയിലേയ്ക്ക് എത്തുക. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനാവാൾ, ജോർജ് കുര്യൻ, സുരേഷ് ഗോപി, ശശി തരൂർ എം.പി, എം. വിൻസെൻ്റ് എംഎൽഎ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികൾ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ നിന്നും വിട്ടു നിൽക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിലൂടെ വികസനത്തിന്റെ പുതിയ യുഗത്തിന് നാന്ദി കുറിക്കപ്പെടുകയാണ്. കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയും സർക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിന്റെ കെട്ടുറപ്പുമാണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയിലാണ് തലസ്ഥാനം. 4,000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വ്യോമ - നാവികസേനയുടെ പ്രത്യേക സുരക്ഷയും ഉണ്ടാകും. ചടങ്ങുകൾക്ക് ശേഷം 12:30യോടു കൂടിയാകും പ്രധാനമന്ത്രിയുടെ മടക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com