ഐ.സി. ബാലകൃഷ്ണനെതിരെ നടപടിയുണ്ടാവാതിരുന്നത് കെ. സുധാകരനും വി.ഡി. സതീശനും കോഴപ്പണം കൈപ്പറ്റിയതിനാല്‍: വി.കെ. സനോജ്

വിഷം കഴിച്ച് ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് സന്ദർശിച്ചതിനു ശേഷമായിരുന്നു വി.കെ. സനോജിന്റെ പ്രതികരണം
ഐ.സി. ബാലകൃഷ്ണനെതിരെ നടപടിയുണ്ടാവാതിരുന്നത് കെ. സുധാകരനും വി.ഡി. സതീശനും കോഴപ്പണം കൈപ്പറ്റിയതിനാല്‍: വി.കെ. സനോജ്
Published on

ബാങ്ക് നിയമനക്കോഴ വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയെ കോൺഗ്രസ് സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോഴപ്പണം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വി.ഡി. സതീശനും കൈപ്പറ്റിയതുകൊണ്ടാണ് ഈ വിഷയത്തിൽ നടപടി ഉണ്ടാവാതിരുന്നത് എന്നും സനോജ് ആരോപിച്ചു. വിഷം കഴിച്ച് ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് സന്ദർശിച്ചതിനു ശേഷമായിരുന്നു വി.കെ. സനോജിന്റെ പ്രതികരണം.



വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെയാണ് ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നുവന്നത്. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായാണ് കണ്ടെത്തല്‍. എന്‍.എം. വിജയനാണ് രണ്ടാം സാക്ഷിയെന്നും കരാറില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2019 ഒക്ടോബര്‍ 9 നാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി സർവീസ് ബാങ്കിലോ, മടക്കിമല സർവീസ് ബാങ്കിലോ ആദ്യം വരുന്ന, ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിർദേശത്തിൻ്റെയും, ഉറപ്പിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാം കക്ഷി ഒന്നാം കക്ഷിയിൽ നിന്നും 30 ലക്ഷം വാങ്ങി ബോധ്യപ്പെട്ടുവെന്നാണ് കരാറിൽ പറയുന്നത്.


ആത്മഹത്യയില്‍ കെപിസിസി നേതൃത്വത്തിനും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എക്കും എതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 


വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com